കണ്ണൂർ : കനത്ത കാറ്റിലും മഴയിലും ചെറുപുഴയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം. വീടുകൾക്ക് മുകളിലും വൈദ്യുതലൈനിലും മരങ്ങൾ വീണു. റോഡുകളിൽ ഗതാഗതം മുടങ്ങി. വൈദ്യുതിവിതരണവും നിലച്ചു. കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിന് സമീപം പന വീണ് വൈദ്യുതത്തൂൺ അപകടത്തിലായി. റോഡിന് എതിർവശത്തെ മരത്തിൽ തട്ടി നിന്ന പന പെരിങ്ങോത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും വൈദ്യുതി ജീവനക്കാരും ചേർന്ന് മുറിച്ചുമാറ്റി. ആർക്ക് ഏഞ്ചൽസ് സ്കൂളിന്റെ ഷെഡിന് മുകളിൽ വട്ടമരം കടപുഴകി വീണു.
അട്ടോളി അമ്മിണിയുടെ വീടിന് മുകളിൽ കമുകും അട്ടോളി ബാലകൃഷ്ണന്റെ വീടിന് മുകളിൽ വട്ടമരവും വീണു. അട്ടോളി രവിയുടെ ഷെഡ് മാവുവീണ് നശിച്ചു. പുല്ലാട്ട് ജോയിയുടെ വീടിനോട് ചേർന്നുള്ള ഷെഡ് തെങ്ങുവീണ് തകർന്നു. ആഞ്ഞിലി, കമുക് എന്നിവ ഒടിഞ്ഞുവീണു. കന്നിക്കളത്തെ എകെസി ടൂറിസ്റ്റ് ഹോമിന്റെ എസിപി ഷീറ്റും ബോർഡും കാറ്റിൽ നിലംപൊത്തി.

ചെറുപുഴ ശ്രീമുത്തപ്പൻ പെട്രോൾപമ്പിന് സമീപത്തെ കാട്ടുപാലത്ത് തങ്കച്ചന്റെ കടയുടെ മുകളിൽ മരം പൊട്ടിവീണു. കന്നിക്കളത്തെ പെട്രോൾപമ്പിന് മുകളിൽ തേക്കുമരങ്ങൾ കടപുഴകി വീണു. കോലുവള്ളി, തിരുമേനി, ചൂരപ്പടവ്, പ്രാപ്പൊയിൽ, ചുണ്ട, പുളിങ്ങോം ഭാഗങ്ങളിലും കാർഷികവിളകൾക്ക് നാശമുണ്ടായിട്ടുണ്ട്.
Kannurcherupuzha