---
title: "ഗ്യാൻവ്യാപി മസ്ജിദ്: പള്ളി കമ്മിറ്റിയുടെ ഹർജി ഇന്ന് വാദം കേൾക്കും "
english_title: "Gyanwapi Masjid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45051/gyanwapi-masjid"
published_at: "2022-05-26T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628efce79135b_n38967962816535379672828347c02050847c1fc95723fb579212622a551f38201bcd133b32c0ccc204e71e.jpg"
keywords: []
---

# ഗ്യാൻവ്യാപി മസ്ജിദ്: പള്ളി കമ്മിറ്റിയുടെ ഹർജി ഇന്ന് വാദം കേൾക്കും 

> **Lead Summary:** **ന്യൂഡല്‍ഹി: **ഗ്യാന്‍വ്യാപി മസ്ജിദിന്റെ അവകാശം സംബന്ധിച്ച കേസിന്റെ വാദം വാരാണസി ജില്ലാ കോടതി ഇന്ന് മുതല്‍ കേള്‍ക്കും.

## Article Content

**ന്യൂഡല്‍ഹി: **ഗ്യാന്‍വ്യാപി മസ്ജിദിന്റെ അവകാശം സംബന്ധിച്ച കേസിന്റെ വാദം വാരാണസി ജില്ലാ കോടതി ഇന്ന് മുതല്‍ കേള്‍ക്കും.

പള്ളിയില്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമതക്കാരായ അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയാണ് 26ന് പരിഗണിക്കുന്നത്. ആരാധനാലയത്തിനകത്ത് വീഡിയോ സര്‍വെ നടത്തിയത് നിയമവിരുദ്ധമാണെന്ന പള്ളിക്കമ്മിറ്റിയുടെ വാദവും കോടതി കേള്‍ക്കും. ഈ കേസിന് മുന്‍ഗണന നല്‍കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ വാരണാസി ജില്ലാ സെഷന്‍സ് ജഡ്‌ജി ഡോ അജയ്‌ കൃഷ്ണ വിശ്വേശയാണ് വാദം കേള്‍ക്കുന്നത് 26ലേക്ക് മാറ്റുന്നതായി അറിയിച്ചത്. കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച്‌ അഭിപ്രായം ബോധിപ്പിക്കാന്‍ ഇരുവിഭാഗക്കാര്‍ക്കും കോടതി ഒരാഴ്ച അനുവദിച്ചു. ഹിന്ദുമതാചാര പ്രകാരം ആരാധന നടത്താനുള്ള ഹര്‍ജി ആരാധനാസ്ഥല നിയമ പ്രകാരം നിലനില്‍ക്കുന്നതല്ലെന്നാണ് പള്ളിക്കമ്മിറ്റിയുടെ ഹര്‍ജിയില്‍ പറയുന്നത്.

1991ലെ ആരാധനലായങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം അനുസരിച്ച്‌ കോടതിക്ക് ഈ വിഷയം കേള്‍ക്കാന്‍ അധികാരമില്ലെന്നും മസ്ജിദ് കമ്മിറ്റി വാദം ഉന്നയിക്കുന്നുണ്ട്. വാരണാസി സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) രവികുമാര്‍ ദിവാകര്‍ മേയ് 19ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലാണെന്നും അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നിലപാടുകള്‍ ഇരുകക്ഷികളില്‍ നിന്നും ക്ഷണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന ഭാഗം സീല്‍ ചെയ്ത് സംരക്ഷിക്കണമെന്നായിരുന്നു രവികുമാര്‍ ദിവാകറിന്റെ ഉത്തരവ്. ഇതിനൊപ്പം മുസ്ലീം മതവിശ്വാസികള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശ വാദവുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ഈ ഭാഗം സീല്‍ചെയ്ത് ഭദ്രമാക്കാനും പ്രവേശനം നിഷേധിക്കാനും സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45051/gyanwapi-masjid)