പത്താമുദയത്തോടെ കാവുകളുണരുന്നു; കളിയാട്ടക്കാലത്തിലേക്ക് വടക്കുദേശങ്ങൾ

പത്താമുദയത്തോടെ കാവുകളുണരുന്നു; കളിയാട്ടക്കാലത്തിലേക്ക് വടക്കുദേശങ്ങൾ
Oct 27, 2021 12:00 PM | By Maneesha

മണത്തണ (കണ്ണൂർ): വലിയൊരു മഹാമാരികാലത്തിനിപ്പുറം പതിയെ നാടുണരുകയാണ്. അരങ്ങും അണിയറയും മൈതാനങ്ങളും മെല്ലെ ശബ്ദ മുഖരിതമായി തുടങ്ങുകയാണ്. ഓർമ്മകളിൽ താള മേളങ്ങളും ആരവങ്ങളും അലയടിക്കുന്നു. നല്ല നാളുകളുടെ തിരിച്ചു വരവ് ഏവരും കാത്തിരിക്കുകയായിരുന്നു. പത്താമുദയം അഥവാ തുലാപ്പത്ത് ചടങ്ങോടുകൂടി കാവുകളിലും തറവാടുകളിലും തെയ്യാട്ടങ്ങളുടെ വരവറിയിക്കുകയാണ്.


ഒന്നൊത്തുചേരാൻ - ഉച്ചസ്ഥായിലെത്തുന്ന മേളത്തിനൊപ്പം മനസ്സിനെ പെരുക്കാൻ - ഭക്ത്യാദരങ്ങളോടെ ഇമ ചിമ്മാതെ തെയ്യ മുഖങ്ങളിലേക്ക്-ചടുല വേഗങ്ങളിലേക്ക് കൺപാർത്തിരിക്കാൻ നാടേറേ കൊതിച്ച നാളുകൾ പിന്നിട്ട് പ്രതീക്ഷകളുടെ സമാരംഭമായി തുലാപ്പത്ത് എത്തിയിരിക്കുന്നു. 

വടക്കേമലബാറിലെ തനത് ആരാധനാ സമ്പ്രദായമായ തെയ്യത്തിൽ പത്താമുദയത്തിന് പ്രാധാന്യമേറെയുണ്ട്.ഇടവമാസത്തിൽ മടിയൻ കൂലോത്തും മന്നൻപുറത്ത് കാവിലും മാടായിക്കാവിലും കളരിവാതുക്കലും നടക്കുന്ന കലശമഹോത്സവങ്ങളോടെ അവസാനിക്കുന്നതാണ് വടക്കേ മലബാറിന്റെ തെയ്യക്കാലം.


’മന്നംപുറത്തമ്മ അടയ്ക്കാനും അഞ്ഞൂറ്റമ്പലം കാവിലമ്മ തുറക്കാനും’ എന്നൊരു ചൊല്ലു തന്നെയുണ്ട് വടക്ക് ദേശങ്ങളിൽ. സംക്രമദിനത്തിലെ അനുഷ്ഠാനങ്ങളുമുണ്ടാകും പത്താമുദയ ദിവസം. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക് കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. ദൈവമൊഴികളുമായി വെളിച്ചപ്പാടുകളെത്തും. പ്രാദേശികമായി ഓരോ കാവിലും വ്യത്യസ്തങ്ങളായ അനുഷ്ഠാനമാണ് തുലാപ്പത്ത് ദിവസം. 

തുലാമാസത്തിലെ 10-ാം സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ച് അരിയെറിഞ്ഞ് തൊഴുതുനിന്നാൽ സർവ ഐശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം. ചെറുവത്തൂരിനടുത്ത് തിമിരിയിൽ വലിയ വളപ്പിൽ ചാമുണ്ഡിയുടേയും കാലിച്ചാൻ ദൈവത്തിന്റേയും പുറപ്പാടൊടെ തെയ്യക്കാലത്തിന് ശുഭാരംഭം കുറിക്കപ്പെടുന്നു.


കണ്ണൂർ ജില്ലയിലെ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവിൽ തുലാം പത്തിനു കെട്ടിയാടുന്ന വിഷക്കണ്ടൻ തെയ്യത്തിന്റെ പുറപ്പാടോടെ കോലത്തുനാട്ടിലും നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെ അള്ളടനാട്ടിലും തെയ്യക്കാലത്തിന് കേളികൊട്ടുയരും. പ്രകൃത്യാരാധനയിലും കാർഷിക സംസ്കാരത്തിലും അധിഷ്ഠിതമായ അനുഷ്ഠാനം കൂടിയാണ് പത്താമുദയം. രണ്ടുകൊല്ലക്കാലം നിശബ്ദമായ കാവുകളിനി ഉണർന്നേക്കും. ചെണ്ടവാദ്യ മേളങ്ങൾ ഉയർന്നേക്കും. പത്താമുദയത്തിൽ പ്രത്യാശകളുമുയരുകയാണ് .

Theyyam begins at thulam ten

Next TV

Related Stories
Top Stories










News Roundup