പേരാവൂർ:( കണ്ണൂർ) പ്രവേശനോത്സവത്തിന്റെ പതിവ് ആരവങ്ങളില്ലാതെ കുട്ടികൾ തിരികെ സ്കൂളിലെത്തി. കോവിഡ് കാരണം അടച്ചിടപ്പെട്ട സ്കൂളുകളും ക്ലാസ് മുറികളും ഇനി മുതൽ സജീവമാവുകയാണ്.
ഒന്നരവർഷത്തിന് ശേഷം തുറന്നു പ്രവർത്തിക്കാൻ വിദ്യാലയങ്ങൾ തയ്യാറെടുപ്പുകൾ നേരത്തെ പൂർത്തീകരിച്ചിരുന്നു . തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികളെ സ്വീകരിക്കാൻ വർണ്ണ ബലൂണുകളും സമ്മാനങ്ങളുമായി അധ്യാപകർ കാത്തു നിന്നിരുന്നു.
കോവിഡ് പ്രതിസന്ധി പൂർണമായി വിട്ടു പോകാത്തതിനാൽ കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തിയാണ് സ്കൂളുകൾ പ്രവർത്തിക്കുക.സ്കൂൾ തുറക്കുന്നതിന്റെ ആദ്യപടിയായി കുട്ടികൾക്ക് നേരത്തെ തന്നെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നു. ബയോ ബബിൾ സംവിധാനത്തിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുക.
വാക്സിനേഷൻ പൂർത്തീകരിച്ച അധ്യാപകർ മാത്രമേ സ്കൂളുകളിൽ ക്ലാസ് കൈകാര്യം ചെയ്യുകയുള്ളൂ. ആദ്യഘട്ടമെന്ന നിലയിൽ ഉച്ച വരെ മാത്രമേ ക്ലാസുകൾ ഉണ്ടാവുകയുള്ളൂ. പൂർണ്ണമായും കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകിയാകും ഓരോ വിദ്യാലയങ്ങളും പ്രവർത്തിക്കുക .
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. വാർഡ് കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള അധികൃതർ ഈ സംവിധാനത്തിന്റെ ഭാഗമാണ്.
സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് കൈ കഴുകാനുള്ള സംവിധാനവും തെർമൽ സ്കാൻ പരിശോധന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർബന്ധമായും മാസ്ക് ധരിക്കണം, സാനിറ്റൈസർ കയ്യിൽ കരുതണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ രക്ഷിതാക്കൾ മുഖേന നൽകിയിരുന്നു.
ഒന്നര വർഷത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ കേരളപ്പിറവി ദിനം മുതൽ തുറന്നു പ്രവർത്തിക്കുന്നത്. കുട്ടികളെ ആകർഷിക്കാനായി സ്കൂളുകൾ മനോഹരമാക്കിയിരുന്നു . സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ജില്ലയിലെ വിദ്യാലയങ്ങൾ ശുചീകരിക്കാൻ ഞായറാഴ്ചയും രംഗത്തിറങ്ങി.
ഒന്ന് മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് ഇന്ന് സ്കൂളിൽ തിരിച്ചെത്തിയത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. കോവിഡ് ഭീതി അകറ്റാൻ സുരക്ഷിത അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും മാസ്ക് ധരിച്ചുമാണ് ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾ സ്കൂളിലെത്തുക.പൂർണ സമ്മതത്തോടെയാണു കുട്ടികളെ അയയ്ക്കുന്നതെന്ന് സമ്മതപത്രം എഴുതിനൽകിയ രക്ഷിതാക്കളുടെ മക്കളാണ് ഇന്ന് സ്കൂളുകളിലെത്തിയത് . വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂള്‍ തുറക്കുന്നത്തിനായി വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് നടത്തിയത്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള മാര്‍ഗ്ഗരേഖയും മോട്ടോര്‍വാഹന വകുപ്പ് മാര്‍ഗരേഖയും ഉണ്ടായിരുന്നു .
ഡയറ്റിന് പ്രത്യേക ചുമതല നല്‍കി ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യയനപ്രവര്‍ത്തന പദ്ധതി തയാറാക്കി . ജില്ലാ , തദ്ദേശഭരണ സ്ഥാപന , സ്‌കൂള്‍ തല യോഗങ്ങള്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്തിരുന്നു.
Schools welcoming children after one and a half years