കുന്നുകര: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ പത്തനങ്ങാടി നെറ്റിക്കാടൻ വീട്ടിൽ സുബ്രഹ്മണ്യന്‍റെ മകൻ എൻ.എസ് ഗിരീഷിനെയാണ് (38) പത്തനങ്ങാടി കള്ളുഷാപ്പിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരപ്പണിക്കാരനും ഡിസൈനറും പെയിന്‍ററുമായ ഗിരീഷ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിൽ ജോലിയാവശ്യാർത്ഥം പോയി മടങ്ങിയെത്തിയത്. കിണറിന്‍റെ അരമതിലിൽനിന്ന് വീണതാകാമെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ചെങ്ങമനാട് പൊലീസെത്തിയ ശേഷമാണ് മൃതദേഹം കരക്കെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. മാതാവ്: ശോഭ.
A youth who went missing two days ago was found dead in a well.