തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.
അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ശിക്ഷാ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കണം. ഈ അനുമതി പത്രത്തിന്റെ അസ്സല്‍, ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്ന വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങള്‍ എന്ന പരിധി ബാധകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഡിയോ വാനുകള്‍ക്ക് മോട്ടര്‍വാഹന ചട്ടങ്ങള്‍ക്കു വിധേയമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍നിന്നാണ് അനുമതി വാങ്ങേണ്ടത്. വിഡിയോ വാനില്‍ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റിയില്‍ (എംസിഎംസി) നിന്നു മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ വാഹനം ഉപയോഗിക്കുന്നതു തിരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 133 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.
പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിച്ചാല്‍ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് അനുവദിക്കുക.
Lok sabha