ചെമ്പേരി: തലശ്ശേരി അതിരൂപതയുടെ ആദരണീയനായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരകമായി ചെമ്പേരി ഫൊറോന കെ സി വൈ എംന്റെ നേതൃത്വത്തിൽ കെ.സി.വൈ.എം. തലശ്ശേരി അതിരൂപത നിർമ്മിച്ചു നൽകുന്ന സ്വപ്നവീടിന്റെ താക്കോൽ ദാനം നാളെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് മെത്രാപ്പോലീത്ത നിർവ്വഹിക്കും. ചെമ്പേരി ഫൊറോനയിലെ തന്നെ കെ.സി.വൈ.എം. പ്രവർത്തകയ്ക്കും കുടുംബത്തിനും ആണ് 'സ്വപ്നവീട്' എന്ന പേരിൽ കെ സി വൈ എം, ഒരു കുടുംബത്തിന്റെ ചിരകാല സ്വപ്നമായി ഭവനം പണിതു നൽകുന്നത്. അതിരൂപത സമിതി നേതൃത്വം കൊടുത്ത ഗൂഗിൾ പേ ചലഞ്ചുകളിലൂടെയും 16 ഫൊറോനകളുടെയും, സുമനസ്സുകളുടെയും സഹായത്തോടെയും ആണ് വീട് പണിക്ക് ആവശ്യമായ തുകയും സാധനസാമഗ്രികളും സമാഹരിച്ചത്. കെ സി വൈ എം ചെമ്പേരി ഫൊറോന നേതൃത്വത്തിന്റെ ഏകോപനത്തിൽ ഫൊറോനയിലെയും അതിരൂപതയിലെ വിവിധ ഇടവകകളിലെ യുവാക്കളുടെയും ശ്രമദാനമാണ് 'സ്വപ്നവീട്'. അഭിവന്ദ്യ പിതാവിന്റെ ആദരസൂചകമായി കെ സി വൈ എം തലശ്ശേരി അതിരൂപതയുടെ രജതജൂബിലി ആഘോഷവും വെഞ്ചിരിപ്പിനോട് അനുബന്ധിച്ച് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന വെഞ്ചിരിപ്പ് കർമ്മത്തിനും താക്കോൽ ദാനചടങ്ങിനും കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡന്റ് ജോയൽ ജോസഫ് തൊട്ടിയിൽ, അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലക്കൽ, ചെമ്പേരി ഫൊറോന പ്രസിഡന്റ് ജോയൽ, ഫൊറോന ഡയറക്ടർ ഫാ. നോബിൾ ഓണംകുളം, കെ സി വൈ എം സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പള്ളി, മറ്റ് അതിരൂപത, ഫൊറോന ഭാരവാഹികൾ,മുൻ അതിരൂപത ഭാരവാഹികൾ, ഫൊറോന പ്രസിഡന്റുമാർ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കും.
Kcym