മണത്തണ: ഏറെ പ്രസിദ്ധമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ മുപ്പത്തി ഏഴാമത് നവരാതി ആഘോഷത്തിന്റെ സമ്മാന കൂപ്പൺ വിതരണവും ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും നടന്നു. കോമത്ത് ദാമോദരൻ മാസ്റ്റർ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര പരിപാലന സമിതി ട്രഷറർ കോലാഞ്ചിറ ഗംഗാധരന്റെ കൈയിൽ നിന്നും തിട്ടയിൽ വാസുദേവൻ നായർ ആദ്യ കൂപ്പൺ സ്വീകരിച്ചു.
ഒക്ടോബർ 3 മുതൽ 12 വരെ പത്ത് ദിവസത്തെ ആഘോഷ പരിപാടികളാണ് ഈ വർഷം ഉണ്ടായിരിക്കുക. ഇക്കൊല്ലത്തെ നവരാത്രി ആഘോഷം വളരെ വിപുലമായ രീതിയിൽ നടത്തുവാനാണ് ക്ഷേത്ര പരിപാലന സമിതി തീരുമാനിച്ചിരിക്കുന്നത്. പ്രാദേശികമായ കലാകാരൻമാർക്കും കലാകാരികൾക്കും കൂടുതൽ അവസരം നൽകണമെന്ന് ആഘോഷ കമ്മിറ്റി ആലോചനാ യോഗത്തിൽ തന്നെ ആവശ്യമുയർന്നിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിൽ പ്രാദേശികമായ പരിപാടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കൂടത്തിൽ ശ്രീകുമാർ അറിയിച്ചു. ശ്രീ ചപ്പാരം ഭഗവതി ക്ഷേത്ര പരിപാലന സമിതിയാണ് നവരാത്രി ആഘോഷത്തിന് നേതൃത്ത്വം നൽകുന്നത്. കൂടത്തിൽ നാരായണൻ നായരാണ് പരിപാലന സമിതി പ്രസിഡണ്ട്. സി വിജയനാണ് ജനറൽ സെക്രട്ടറി.
സരസ്വതി പൂജയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് നിരവധി പേരാണ് എത്താറുള്ളത്. ഈ വർഷം കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നു നല്കാൻ എത്തുന്നത് പ്രശസ്ത സംഗീത സംവിധായകനും കവിയും എഴുത്തുകാരനുമായ ഡോ. പ്രശാന്ത് കൃഷ്ണൻ നമ്പൂതിരിയാണ്. ഒക്ടോബർ 13 നാണ് വിദ്യാരംഭം. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 7907086134
The distribution of gift coupons for the Navarathri celebrations at Chapparam temple was inaugurated.