വാഷിങ്ടൺ: 2024 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സുനിത വില്യംസും, സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തും. അതിനായുളള സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ബുച്ച് വിൽമോർ പറഞ്ഞു. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് ഒരു പ്രധാന കടമയാണ്.
ആ കടമ എളുപ്പമാക്കാൻ നാസ തങ്ങളെ സഹായിക്കുമെന്ന് ബുച്ച് വിൽമോർ പറഞ്ഞു. ഇത് വളരെ പ്രധാനപ്പെട്ട കടമയാണെന്ന് സുനിത വില്യംസും പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും തമ്മിലുള്ള പോരാട്ടത്തില്‍ നവംബർ അഞ്ചിനാണ് വിധിയെഴുത്ത്. ബോയിങ് സ്റ്റാർലൈനർ തകർച്ചയെത്തുടർന്ന് ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും, സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഇന്നലെ വീഡിയോ പത്രസമ്മേളനം നടത്തിയിരുന്നു. ഉടൻ വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് പരിഭ്രാന്തി ഉണ്ടായിരുന്നുവെങ്കിലും ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ് അറിയിച്ചു. ബഹിരാകാശത്ത് തുടരാനുള്ള തീരുമാനത്തിൽ താൻ നിരാശനല്ലെന്ന് ബുച്ച് വിൽമോറും പറഞ്ഞു. ഇരുവർക്കും ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ അറിയിച്ചിരുന്നു. ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിൻ്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവെച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.
Sunita Williams will vote in US elections from space