മലപ്പുറം: വണ്ടൂർ നടുവത്ത് 23 വയസുകാരൻ്റെ മരണകാരണം നിപയാണന്ന സംശയം ബലപ്പെടുന്നതിനിടെ യുവാവിന്‍റെ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് 26പേര്‍. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലമാണ് പുറത്തത് വന്നത്.
പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ ആരോഗ്യ വകുപ്പിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. വണ്ടൂർ തിരുവാലി പഞ്ചായത്തിലെ നടുവത്ത് ചെമ്മരം ശാന്തിഗ്രാമം സ്വദേശിയായ 24 കാരനാണ് കടുത്ത പനി മൂലം ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചിരുന്നത്. ബെംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എം എസ് സി സൈക്കോളജി വിദ്യാർത്ഥിയായിരുന്നു. ഫുട്ബാൾ കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ആഗസ്റ്റ് 22 നാണ് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് പോന്നത്.
ആഗസ്റ്റ് 23 ന് പുലർച്ചെ വീട്ടിലെത്തി. ഇതിനിടെ ഈ മാസം മൂന്നിനാണ് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആഗസ്റ്റ് ആറിന് നടുവത്ത് ഫാസിൽ ക്ലിനിക്കിൽ ചികിത്സ തേടി. മഞ്ഞപിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് ഇതേ ദിവസം കാളികാവിലെ ഒരു പാരമ്പര്യ വൈദ്യന്റെ അടുത്തും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുള്ള മടക്കത്തിൽ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂർ ജാഫർ മെഡിക്കൽ സെന്ററിലും ചികിത്സ തേടി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏഴാം തിയതി വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ വൈകിട്ടോടെ ഐ സി യു വിലേക്ക് മാറ്റി. തുടർന്ന് എട്ടാം തിയതി ഉച്ചക്കാണ് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ഇവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ ഒൻപതാം തിയതി രാവിലെ 8.46 നാണ് മരണം സംഭവിച്ചത്. രോഗ ലക്ഷണങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിന്റെ സ്രവം പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് പോസിറ്റീവ് ആയിട്ടുള്ളത്.
പൂനെ വൈറോളജി ഇൻസ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ ഫലം കൂടി വന്ന ശേഷമേ സംസ്ഥാന ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നിപ സ്ഥിരീകരിക്കുയുള്ളൂ. അതേ സമയം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. യുവാവുമായി സമ്പർക്കം പുലർത്തിയവരുടെ വിവര ശേഖരണം പുരോഗമിക്കുകയാണ്. നേരിട്ട് സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയ 26 പേരെ ഇതിനകം തന്നെ ക്വോറന്റൈനിലാക്കി. പ്രാഥമിക സമ്പർക്ക പട്ടികയിൽ ബാക്കിയുള്ളവരുടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.
26 people came in direct contact with the deceased youth.