ചൊക്ലി : ചൊക്ലിയിൽ സമഗ്ര കായികഗ്രാമം പദ്ധതിക്കായി പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.കെ.രമ്യയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ യോഗമാണ് കായികപരിശീലന കേന്ദ്രങ്ങൾ അനുവദിച്ചത്. വിവിധ ഘട്ടങ്ങളിലായി കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പരിശീലനം ആരംഭിക്കും. ആദ്യ പരിശീലനകേന്ദ്രം ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഉടൻ തുടങ്ങും. പ്രിൻസിപ്പലിന്റെ അപേക്ഷ പ്രകാരം വോളിബോൾ പരിശീലനമാണ് ആദ്യം തുടങ്ങുക. സമഗ്ര കായികഗ്രാമം പദ്ധതിയുടെ സ്ഥിരം പരിശീലകനെ നിയമിക്കും. ആദ്യ ബാച്ചിൽ പകുതിയും വനിതകളായിരിക്കും. പരിശീലനകേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി അപേക്ഷ ക്ഷണിച്ച് കായികമികവിനെ അടിസ്ഥാനപ്പെടുത്തി വോളിബോൾ പരിശീലനത്തിന് താരങ്ങളെ തിരഞ്ഞെടുക്കും. To advertise here, Contact Us വോളിബോൾ പരിശീലനത്തിന് പ്രത്യേകം സംഘാടകസമിതി രൂപവത്കരിക്കും ഇതിനായി 22-ന് വൈകിട്ട് അഞ്ചിന് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ യോഗം ചേരും. ഓറിയന്റൽ ഹൈസ്കൂളിൽ ഷട്ടിൽ ബാഡ്മിന്റണിന്റെയും ഒളവിലം രാമകൃഷ്ണ സ്കൂളിൽ ബോൾബാഡ്മിന്റണിന്റെയും കോടിയേരി സ്മാരക ഗവ. കോളേജിൽ ടേബിൾ ടെന്നീസ്, ഹോക്കി, സോഫ്റ്റ് ബോൾ, ബോക്സിങ്ങ് എന്നിവയുടെയും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി വിപുലമായ സംഘാടക സമിതി യോഗങ്ങളും നടത്തും.
Training centres sanctioned for comprehensive sports village project in Chokli