ആറളം : ആറളം പുനരധിവാസമേഖലയിൽ ഏകദിന ജൻഡർ അവബോധ പരിശീലനവും സ്നേഹിത @ ആറളം പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് 12 നും 25 വയസ്സിനിടയിൽ പ്രായമുള്ള യൂത്ത് ക്ലബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് ജൻഡർ അവബോധ പരിശീലനം സംഘടിപ്പിച്ചത്.
ജില്ലാ മിഷൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത് .വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള താൽക്കാലിക അഭയം, കൗൺസിലിംഗ്, സൗജന്യ നിയമ സഹായം , മറ്റ് പിന്തുണാ സഹായങ്ങൾ ജില്ലയൊട്ടാകെ 24 മണിക്കൂറും ലഭ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡസ്ക്ക് .
സ്നേഹിത @ ആറളം പദ്ധതിയുടെ ഭാഗമായി പ്രസ്തുത സേവനങ്ങൾ ആഴ്ച്ചയിൽ രണ്ട് ദിവസം ഇനി മുതൽ പുനരധിവാസ മേഖലയിൽ ലഭ്യമാക്കും ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർ മിനി ദിനേശൻ്റെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ മുഖ്യാതിയായി . കളൂണിറ്റി കൗൺസിലർ വി.വി ശ്രുതി , അഗ്രി എക്സ്പേർട്ട് കെ പി സ്നേഹ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്ക് കൗൺസിലർ ഡി. റീന, സർവീസ് പ്രൊവൈഡർ ബേബി രഹന എന്നിവർ പരിശീലനം നയിച്ചു.
ആറളം പട്ടികവർഗ്ഗ പ്രത്യേക പ ദ്ധതി കൗൺസിലർ ടി വി ജിതേഷ് സ്വാഗതവും കോ ഓർഡിനേറ്റർ പി സനൂപ് നന്ദിയും പറഞ്ഞു. വിവിധ ബ്ലോക്കുകളിൽ നിന്നായി 70 കുട്ടികൾ ഉൾപ്പെടെ 90 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
Aralam