ഇരിട്ടി: എൻ എസ് എസ് സംസ്ഥാന പുരസ്കാരനേട്ടത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-23 വർഷത്തെ സംസ്ഥാന തല പുരസ്കാരവും നേടി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇ.പി. അനീഷ് കുമാർ. എൻ എസ് എസ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച വളണ്ടിയർ, മികച്ച യൂണിറ്റ് എന്നിങ്ങനെ മൂന്ന് പുരസ്ക്കാരങ്ങൾ ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ മൂന്ന് പുരസ്ക്കാരങ്ങളും ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിന് ലഭിക്കുന്നത്. മികച്ച പ്രോഗ്രാം ഓഫിസറായി ഇ.പി. അനീഷ് കുമാറിനെയും മികച്ച വളണ്ടിയറായി ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിലെ പി.എസ്. സായന്ത്, മികച്ച യൂണിറ്റായി ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളും തെരഞ്ഞെടുക്കപ്പെട്ടു.
2020 മുതൽ 2023 വരെയുള്ള പ്രവർത്തന കാലഘട്ടത്തിൽ നടത്തിയ സാമൂഹിക - ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനത്തിലൂന്നിയ സാമൂഹിക ഇടപെടലുകളും വിവിധ സാമൂഹിക പരിസ്ഥിതിക പാലിയേറ്റീവ് സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രവർത്തനങ്ങളും ജൈവ -കർഷിക രംഗത്തെ നേട്ടങ്ങളുമാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിനെ പുരസ്കാരത്തിന് അർഹരാക്കിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ കെമിസ്ട്രി അധ്യാപകനും എൻ എസ് എസ് പ്രോഗ്രാം ഓഫിസറുമായ ഇ.പി. അനീഷ് കുമാർ പുരസ്ക്കാരം ഏറ്റുവാങ്ങി.
iritty