വടകര : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്തുത്യർഹ സേവനത്തിനുള്ള ഇൻസിഗ്നിയ പുരസ്ക്കാരം കൊളവല്ലൂർ സ്വദേശിക്ക്. കൊളവല്ലൂരിലെ തയ്യുള്ളതിൽ നെല്ലേരി വിജേഷാണ് റെയിൽവെ പൊലീസ് ഡയറക്ടർ ജനറലിൻ്റെ പരമോന്നത പുരസ്ക്കാരമായ ഇൻസിഗ്നിയ നേടിയത്.2005ലാണ് വിജേഷ് റയിൽവേ പൊലീസിൻ്റെ ഭാഗമായത്. ചെന്നൈയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. പിന്നീട് പാലക്കാട്, കോഴിക്കോട്, വടകര റെയിൽവെ സ്റ്റേഷനുകളിൽ ജോലി ചെയ്തു. ക്രൈം ഡിറ്റക്ഷൻ സ്ക്വാഡിൻ്റെ ഭാഗമായി നിരവധി റയിൽവേ മോഷണക്കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. റെയിൽവെ ദക്ഷിണ മേഖലാ ഐജി ഈശ്വർ റാവുവിൽ നിന്നാണ് പുരസ്ക്കാരം സ്വീകരിച്ചത്.
പരേതനായ പി.വി കൃഷ്ണൻ - വിജയി ദമ്പതികളുടെ മകനാണ്. ഓലായിക്കര സൗത്ത് എൽപി സ്കൂളിലെ അധ്യാപിക സുബിനയാണ് ഭാര്യ. അനയ് കൃഷ്ണ, നിലാൻ കൃഷ്ണ എന്നിവർ മക്കളാണ്. നിലവിൽ വടകര ആർപിഎഫിൽ ഹെഡ് കോൺസ്റ്റബിൾ ആണ് വിജേഷ്. റെയിൽവേ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആർ പി എഫ് കമ്മീഷണർ നവീൻ പ്രശാന്തിൻ്റെ കീഴിലുള്ള ക്രൈം ഡിറ്റക്ഷൻ ടീം അംഗം കൂടിയാണ് വിജേഷ്.
Railwayprotectionforce