കൊല്ലം : കൊല്ലം ചെമ്മാംമുക്കിൽ ഭാര്യ സഞ്ചരിച്ച കാറിന് ഭർത്താവ് തീയിട്ടു. പൊള്ളലേറ്റ ഭാര്യ മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് (44)കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് പത്മരാജൻ അറസ്റ്റിലായി.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൽ നിന്നുള്ള വിവരം. കുറേ ദിവസമായി അനിലയും പത്മരാജനും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ല.
നവംബർ 11 ന് അനിലയും പത്മരാജനും ഒരു ബേക്കറി ആരംഭിച്ചിരുന്നു. ഇരുവരും ചേർന്നാണ് ഈ ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്മരാജൻ ബേക്കറിയിലെത്തിയപ്പോൾ അവിടെ അനിലയ്ക്കൊപ്പം ഒരു സുഹൃത്തിനെ കണ്ടു. അതിന്റെ പേരിൽ തർക്കമായി.
ചൊവ്വാഴ്ച വൈകീട്ട് അനിലയും ബേക്കറിയിലെ ജീവനക്കാരനായ സോണിയും കാറിൽ വരുന്നതിനിടെ ചെമ്മാമുക്കിൽ വെച്ച് പത്മരാജൻ ഒരു ഒംനി വാനിൽ വരികയും കാർ തടഞ്ഞുനിർത്തുകയും ചെയ്തു. കയ്യിൽ സൂക്ഷിച്ചിരുന്ന പെട്രോൾ അനിലക്ക് മേൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയ്ക്കൊപ്പം സുഹൃത്തിനേയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.
തീകൊളുത്തിയ ഉടൻ തന്നെ ഒപ്പം ഇരുന്ന സോണി ഡോർ തുറന്ന് പുറത്തിറങ്ങി ഓടി. ഇയാളുടെ കൈക്കും കാലിലുമാണ് പൊള്ളലേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kollam