വയനാട് :വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചതാണ് കൊലപാതകമെന്ന് തെളിയുന്നത്. പുത്തൂര്‍ വയല്‍ സ്വദേശി സുമില്‍ഷാദ്, അജിന്‍ എന്നിവര്‍ കസ്റ്റഡിയില്‍. ഇവര്‍ സഹോദരങ്ങളാണ്.
ഇരുകൂട്ടരും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ പൊലീസ്. ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ സുമില്‍ഷാദ് ബോധപൂര്‍വ്വം നവാസിന്റെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നവാസിന്റെ യാത്രാവിവരങ്ങള്‍ അറിയിച്ചത് സഹോദരന്‍. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുവര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ്.
സാധാരണ അപകടം എന്ന നിലയിലായിരുന്നു അന്വേഷണം നടന്നത്. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ച് രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. നവാസിന്റെ സ്റ്റേഷനറി കടയും സുല്‍ഫിക്കറിന്റെ ഹോട്ടലും ചുണ്ടേല്‍ റോഡിന്റെ ഇരുവശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ആസൂത്രിതമായ കൊലപാതകം നടത്തിയത്.
വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായി സുല്‍ഫിക്കറിന്റെ ഹോട്ടലിന്റെ മുന്നില്‍ നവാസ് കൂടോത്രം ചെയ്ത കോഴിത്തല കൊണ്ടുവച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നതായി പൊലീസ് പറയുന്നു. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉച്ചയോടുകൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Wayanad