കണ്ണൂർ: പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഉപ്പുപടന്ന സ്വദേശി സജി ജോർജിനാണ് ശിക്ഷ വിധിച്ചത്.19 വയസ്സുകാരൻ ഷാരോണിനെയാണ് അച്ഛനായ സജി കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു കേസിനാസ്പദമായ സംഭവം.നാല് വർഷത്തിനിപ്പുറം മകനെ കൊന്ന കേസിൽ അച്ഛന് ശിക്ഷ വിധിച്ചു.
ഉപ്പുപടന്ന സ്വദേശി സജി ജോർജിന് ജീവപര്യന്തം കഠിനതടവ്. ഒരു ലക്ഷം രൂപ പിഴയുമടക്കണം. തലശേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വീട്ടിലെ ഡൈനിംങ് ഹാളിൽ മൊബൈൽ നോക്കുകയായിരുന്ന ഷാരോണിനെ സജി പിന്നിൽ നിന്ന് കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞു.
ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്.സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്സാണ്. ഭർത്താവ് മദ്യപിച്ച് ധൂർത്തടിക്കുന്നതിനാൽ മകന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പണം അയച്ചിരുന്നത്. ഇതിന്റെ വൈരാഗ്യവും സജിക്ക് ഷാരോണിനോട് ഉണ്ടായിരുന്നു. മകനെ കുത്തിവീഴ്ത്തിയ ശേഷം സജി ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്കും കത്തിയും ഉൾപ്പെടെ 7 തൊണ്ടി മുതലുകൾ കോടതിയിൽ ഹാജരാക്കി. പിഴത്തുകയും പ്രതിയുടെ ബൈക്ക് വിറ്റ തുകയും ഷാരോണിന്റെ അമ്മയ്ക്ക് നൽകണം. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
Kannur