---
title: "മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും"
english_title: "delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259424/delhi"
published_at: "2024-12-28T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f669c77f9b_ac47e5c7-936e-4f68-a4e5-a7788b5d7844.jpeg"
keywords: []
---

# മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും

> **Lead Summary:** **ഡൽഹി** : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും. ഇന്നു രാവിലെ 11.45ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

## Article Content

**ഡൽഹി** : അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടനൽകും. ഇന്നു രാവിലെ 11.45ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

എന്നാൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നായിരുന്നു കോൺ​ഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ നിഗംബോധ് ഘട്ടിൽ സംസ്കാരം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.

മൻമോഹൻ സിങിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കണമെന്ന് കോൺ​ഗ്രസ് പാർട്ടിയും കുടുംബവും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്. രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ ഇടങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കത്തിൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. മൻമോഹൻ സിങിനായി നിർമിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259424/delhi)