കാസർകോട് : പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഐഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഐഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഐഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഐഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു.
പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഐഎം ഭരിക്കുന്ന സർക്കാരാണ്.
ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഐഎം ഭരിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം തിരികെ അടയ്ക്കാൻ തയ്യാറാവണം.പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ. പത്ത് പ്രതികളെ കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി.ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയും പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാബരൻ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെവി ഭാസ്ക്കരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ സിപിഐഎം നേതാക്കളാണ്. അടുത്ത വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി.
Peryamurdercase