തലശ്ശേരി ജനറൽ ആശുപത്രി കണ്ടിക്കലേക്ക് മാറ്റുന്നതിന് 50 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രൊപ്പോസല്‍ സമര്‍പ്പിക്കാൻ നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു.
തലശ്ശേരി ജനറല്‍ ആശുപത്രി നഗരമധ്യത്തില്‍ നിന്നും കണ്ടിക്കലില്‍ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് തീരുമാനം. വിവിധ ഘട്ടങ്ങളായി ആശുപത്രി മാറ്റുന്നതിന്റെ ഭാഗമായി ആദ്യം ജനറല്‍ മെഡിസിന്‍ വിഭാഗം ഇവിടേയ്ക്ക് മാറ്റും.
ഇതുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ തുകയില്‍ ഭൂമി നിരപ്പാക്കുന്നതിനും കോമ്പൗണ്ട് വാള്‍ പണിയുന്നതിനുമുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 5.3 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുക. ബാക്കി 4.7 കോടി രൂപ പുതിയ ബ്ലോക്ക് പണിയുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗും സ്ട്രക്ച്ചറല്‍ ഡിസൈനും എസ്റ്റിമേറ്റും ജൂണ്‍ മാസം അവസാനത്തോടെ തയ്യാറാക്കി ജൂലൈ മാസം ആദ്യ ആഴ്ച പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ പ്രധാന ജനറല്‍ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറല്‍ ആശുപത്രി പുതിയ സ്ഥലത്ത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ കാന്‍സര്‍ സെന്റര്‍, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന തിരുവങ്ങാട്-കോടിയേരി മേഖല തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറുമെന്നും രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു, അഡീഷണല്‍ പ്ലാനിംഗ് ഡയറക്ടര്‍ ഡോ. സുകേഷ് രാജ്, പൊതുമരാമത്ത് ചീഫ് ആര്‍ക്കിടെക്ട് രാജീവ് പി.എസ്, ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍ ബീന, അസി. എക്സി. എഞ്ചിനീയര്‍ ലജീഷ് കുമാര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, എസ് കെ അര്‍ജുൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kannur