---
title: "ഓൺലൈൻ ഇടപാട്: കണ്ണൂർ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294155/kannur"
published_at: "2025-06-04T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fecf878d78_IMG-20240719-WA0027.jpg"
keywords: []
---

# ഓൺലൈൻ ഇടപാട്: കണ്ണൂർ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ

> **Lead Summary:** **കണ്ണൂർ**: ഓൺലൈൻ ഇടപാടിലൂടെ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ. ഇതിൽ മൂന്നുപേർ കണ്ണൂർ ടൗൺ സ്വദേശികളാണ്. യൂട്യൂബ് വീഡിയോ കണ്ട് വാട്സാപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ താണ സ്വദേശിനിക്ക് നഷ്ടമായത് 33,07,254 രൂപ.

## Article Content

**കണ്ണൂർ**: ഓൺലൈൻ ഇടപാടിലൂടെ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ. ഇതിൽ മൂന്നുപേർ കണ്ണൂർ ടൗൺ സ്വദേശികളാണ്. യൂട്യൂബ് വീഡിയോ കണ്ട് വാട്സാപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ താണ സ്വദേശിനിക്ക് നഷ്ടമായത് 33,07,254 രൂപ.

ചക്കരക്കൽ, തലശ്ശേരി സ്വദേശിനികളിൽനിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യഥാക്രമം തട്ടിയത് 53,000, 44,850 രൂപ. വാട്സാപ്പിൽ ആധാർ അപ്‌ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ കണ്ണൂർ ടൗൺ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 39,000 രൂപ. മറ്റൊരു കണ്ണൂർ ടൗൺ സ്വദേശിക്ക് നഷ്ടമായത് 22,457 രൂപയാണ്.

കേരള പോലീസിൽനിന്നെന്ന വ്യാജേന വാട്സാപ്പിൽ വാഹനത്തിന് ചലാനുണ്ടെന്ന് പറഞ്ഞ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ നല്കിയപ്പോൾ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.

ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി അക്കൗണ്ടുകളിലേക്ക് പണം നൽകിയ മറ്റൊരു കണ്ണൂർ ടൗൺ സ്വദേശിക്ക് 9,898 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ കണ്ണവം സ്വദേശിക്ക് 17,499 രൂപയാണ് നഷ്ടമായത്.

ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ വാട്സാപ്പ് വഴി ചാറ്റ് ചെയ്ത് പണം നൽകിയ ന്യൂമാഹി സ്വദേശിനിക്ക് 12,700 രൂപ നഷ്ടപ്പെട്ടു.

ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294155/kannur)