---
title: "കണ്ണൂർ പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Parassinikkadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296522/parassinikkadavu"
published_at: "2025-06-16T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fd54d1ac27_1000097875.jpg"
keywords: []
---

# കണ്ണൂർ പറശ്ശിനിക്കടവിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** **കണ്ണൂർ : **പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിനായെത്തിയ ദമ്പതിമാർ സഞ്ചരിച്ച കാർ പറശ്ശിനിക്കടവ് റോഡിൽനിന്ന്‌ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആഴത്തിലേക്ക് കാർ പതിച്ചെങ്കിലും കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികൾ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ സജീന്ദനാഥ് , ഭാര്യ കെ.എൻ. കാർത്തിക എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കണ്ണൂർ : **പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിനായെത്തിയ ദമ്പതിമാർ സഞ്ചരിച്ച കാർ പറശ്ശിനിക്കടവ് റോഡിൽനിന്ന്‌ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. ആഴത്തിലേക്ക് കാർ പതിച്ചെങ്കിലും കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികൾ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ സജീന്ദനാഥ് , ഭാര്യ കെ.എൻ. കാർത്തിക എന്നിവർക്കാണ് പരിക്കേറ്റത്.

റോഡരികിലെ താഴ്ചയറിയാതെ കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. അപകടംനടന്നയുടനെ ഓടിയെത്തിയ നാട്ടുകാരും തീർത്ഥാടകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ തളിപ്പറമ്പിലെ സഹകരണ ആസ്പത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ല.

പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ എത്തുന്നവരിൽ ഭൂരിഭാഗവും പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ളത്. മറ്റ്‌ പാർക്കിങ് സ്ഥലങ്ങൾ നിറയുന്നതോടെയാണ് റോഡരികുകൂടി പാർക്കിങ് മേഖലയായി മാറുന്നത്. എന്നാൽ ഈ സ്ഥലത്തിന്റെ കിഴക്കുഭാഗം വലിയ താഴ്ചയും പടിഞ്ഞാറുഭാഗം ഓടയുമാണ്. അതിനാൽ റോഡിന് വീതിയുള്ള കിഴക്കുഭാഗത്താണ് വാഹനങ്ങൾ ഭൂരിഭാഗവും നിർത്തിയിടാറുള്ളത്. നിരവധി വാഹനങ്ങൾ പതിറ്റാണ്ടുകളായി ഈ സ്ഥലം പാർക്കിങ്ങിനായി ഉപയോഗിച്ചുവരികയാണ്. എന്നാൽ സ്ഥലത്തിന് തൊട്ട് വലിയ അപകടക്കെണിയായിട്ടും സംരക്ഷണഭിത്തി നിർമിക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296522/parassinikkadavu)