തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 25ന് വൈകിട്ട് പുത്തരികണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സപ്ലൈകോ മിതമായ വിലയ്‌ക്ക് സബ്‌സിഡിയോടെ വെളിച്ചെണ്ണ ലഭ്യമാക്കും. എല്ലാ സപ്ലൈകോ വിൽപനശാലകളിലും 15 മുതൽ ലിറ്ററിന് 349 രൂപയ്‌ക്കും അരലിറ്ററിന് 179 രൂപയ്‌ക്കും ശബരി ബ്രാൻഡ് വെളിച്ചെണ്ണ നൽകും. സബ്സിഡിഇതര വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയ്‌ക്കും അരലിറ്ററിന് 219 രൂപയ്‌ക്കും നൽകും.

140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. ഓഗസ്റ്റ് 25 മുതൽ എല്ലാ നിയോജക മണ്ഡലത്തിലും സഞ്ചരിക്കുന്ന സപ്ലൈകോ വണ്ടികൾ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കും.
റേഷൻ സംവിധാനത്തിലൂടെ വെള്ളകാർഡുകാർക്ക് 15 കിലോ സ്‌പെഷ്യൽ അരി പത്ത് രൂപ 90 പൈസയ്ക്ക് ലഭ്യമാക്കും. നീല കാർഡുകാർക്ക് പത്ത് കിലോയും ലഭ്യമാക്കും. പിങ്ക് കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ അഞ്ചു കിലോഗ്രാം അരി ലഭ്യമാക്കും. എഎവൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.
Thiruvanaththapuram