---
title: "അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305812/thiruvanaththapuram"
published_at: "2025-08-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c4cd785cdd_IMG-20250801-WA0011.jpg"
keywords: []
---

# അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരണങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. കനത്ത മഴ കണക്കിലെടുത്തുള്ള നിർദ്ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരണങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

വേനല്‍ക്കാലത്ത് അവധി നല്‍കുന്ന രീതിക്കും വ്യക്തമായ കാരണങ്ങളുണ്ട്. ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ നിര്‍ദേശം നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം. അവധിമാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികൾക്കിടയിലുള്ളത്.

എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം. വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മന്ത്രി മനസ്സിൽ തോന്നുന്നത് പറയുന്നുവെന്ന് കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ് ടി എ വിമർശിക്കുന്നു. കേരളത്തിൻ്റെ ഭൂ പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുള്ള അക്കാദമിക് കലണ്ടർ മാറ്റാൻ അനുവദിക്കില്ലെന്നാണ് നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305812/thiruvanaththapuram)