മണത്തണ: ആസിഡാക്രമണ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ബിജു ചാക്കോയെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ബിജുവിൻ്റെ ബന്ധു മങ്കുഴി ജോസ്, കൂട്ടുപ്രതി വളയങ്ങാട്ടെ കടത്തുംകടവ് ശ്രീധരൻ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
സംഭവത്തിൽ അറസ്റ്റിലായിരുന്ന ഇരുവരും റിമാൻഡിൽ കഴിയുകയായിരുന്നു. വിശദമായ അന്വേഷണത്തിനാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ മാസം 29 ന് പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മണത്തണയിലെ കുളത്തിൽ കുളിക്കുന്നതിനായി എത്തിയ ബിജുവിനെ കരുതിക്കൂട്ടി കാത്തു നിന്ന് ജോസ് വാഹനം തടഞ്ഞു നിർത്തി ആസിഡൊഴിച്ച് ആക്രമിക്കുകയായിരുന്നു.
വാഹനം തടയുന്നതിനും മറ്റും കൂട്ടു നിന്നതിനാണ് ജോസിന്റെ സുഹൃത്ത് ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ രണ്ടാനച്ഛനായ ജോസും ബിജുവും തമ്മിലുള്ള കുടുംബ വഴക്കിലെ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കണ്ണുകൾക്കുൾപ്പടെ ഗുരുതരമായി പരിക്കേറ്റ ബിജു ചികിത്സയിൽ തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Manathana Acid attack Evidence was taken