
പെരുമ്പുന്ന : കാട്ടാനക്കൂട്ടത്തിന്റെ അടിക്കടിയുള്ള ചവിട്ടിമെതിക്കലുകൾക്ക് ഇടയിൽ നട്ടംതിരിയുന്ന പെരുമ്പുന്ന നിവാസികളുടെ പരിതാപാവസ്ഥയ്ക്ക് കൂടുതൽ ഭീതി നിറച്ച് കാട്ടാനക്കൂട്ടം മലയോരഹൈവേയും കടക്കുന്നത് തുടർക്കഥയാകുന്നു.
ഇതിനുമുമ്പും കാട്ടാനകൾ പലതവണ മലയോരഹൈവേ കടന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ വന്യമൃഗ അക്രമങ്ങൾ നേരിടുന്ന പ്രദേശമാണ് പെരുമ്പുന്ന ഉൾപ്പെടുന്ന ആറളം മേഖല.
പെരുമ്പുന്ന ഭാഗത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.
മലയോര ഹൈവേയ്ക്ക് ഇപ്പുറം പെരുമ്പുന്ന പള്ളിക്ക് സമീപം ചിറയ്ക്കത്തൊടി ഉണ്ണികൃഷ്ണൻ, പുതുപ്പറമ്പിൽ വർഗ്ഗീസ്, എന്നിവരുടെ വീടിന് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിക്കുകയായിരുന്നു.
രാത്രി 11 ന് എത്തിയ കാട്ടാനക്കൂട്ടം നേരം പുലർന്നിട്ടും തിരികെ പോകാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചത് പ്രദേശവാസികളെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തി.
ഒടുവിൽ നേരം പുലർന്ന ശേഷമാണ് കാട്ടാനക്കൂട്ടം തിരികെ മടങ്ങിയത്.