ആലുവ: ദേശീയപാത പറവൂർ കവലയിൽ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കൽ വീട്ടിൽ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂർകവല സിഗ്നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം. ആലുവയിൽ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇസ്മായിൽ. വഴിയോരത്തെ സൂപ്പർമാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ കണ്ണാടിയിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ വലതുവശത്തേക്ക് മറിഞ്ഞു. ഈ സമയം തൊട്ടുപിറകിൽ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇസ്മായിലിന്‍റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയിൽ തൽക്ഷണം മരിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ പിതൃസഹോദരന്‍റെ മകളുടെ ഭർത്താവാണ് ഇസ്മായിൽ. ഭാര്യ: ചെങ്ങമനാട് പറമ്പയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കൾ: ഷിഹാബ് (പി.ഡബ്ല്യു.ഡി, തൃശൂർ), ഷെബീന (സബ് രജിസ്ട്രാർ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ). മരുമക്കൾ: ആഷിത, ഷിഹാബ്, അനീസ് (കെ.എസ്.എഫ്.ഇ, കാക്കനാട്).
A scooter rider died after being hit by a tanker lorry at Paravur intersection of the national highway.