കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണ് മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ സ്വദേശി വി രാധാകൃഷ്ണൻ (56) ആണ് വാർഡിലേയ്ക്ക് പോകുന്നതിനായി പടി കയറുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രി ജീവനക്കാർ റാമ്പ് തുറന്നുനൽകാത്തതിനാൽ രാധാകൃഷ്ണന് വാർഡിലേയ്ക്ക് വീൽ ചെയറിൽ പോകാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് പടി കയറ്റി വാർഡിലെത്തിക്കാൻ കൂടെയുണ്ടായവർ ശ്രമിച്ചത്. പിന്നാലെയാണ് അത്യാഹിതമുണ്ടായത്.
സംഭവത്തിന് പിന്നാലെ രണ്ട് ഗ്രേഡ് ടൂ ജീവനക്കാരെ ആശുപത്രി സുപ്രണ്ട് സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് രാധാകൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശ്വാസകോശ രോഗിയായ രാധാകൃഷ്ണനെ കുത്തിവെയ്പ് എടുത്ത ശേഷം രണ്ടാം നിലയിലെ വാർഡിലെത്തിക്കാൻ ബന്ധുക്കൾ കഴിവത് ശ്രമിച്ചിരുന്നു. എന്നാൽ ജീവനക്കാർ വീൽചെയർ ഉപയോഗിക്കാൻ റാമ്പ് തുറന്നു നൽകാൻ കൂട്ടാക്കിയില്ല, രാധാകൃഷ്ണന്റെ ആരോഗ്യസ്ഥിതി അറിയിച്ചിട്ടും അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായതിനാൽ റാമ്പ് തുറന്നു നൽകാനാകില്ലെന്ന് ജീവനക്കാർ ശഠിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ താങ്ങിയെടുത്ത് പടികൾ കയറ്റി. എന്നാൽ വാർഡിൽ എത്തുന്നതിന് മുൻപ് തന്നെ രാധാകൃഷ്ണൻ കുഴഞ്ഞുവീഴുകയായിരുന്നു. മരണം സംഭവിച്ച ശേഷം മൃതദേഹം താഴെയിറക്കാനും റാമ്പ് തുറന്നുനൽകിയില്ല എന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. വിവാദമായ വന്ദനാ ദാസ് കൊലപാതകത്തിന് ശേഷം ആശുപത്രിയിൽ രാത്രിയിലും പകലും അധിക സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു.
എന്നാൽ അടിയന്തര സാഹചര്യത്തിൽ ആരും സഹായത്തിനെത്തിയില്ല എന്നാണ് ബന്ധുക്കളുടെ പരാതി.അതേസമയം ജീവനക്കാരുടെ വീഴ്ച ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. അന്വേഷണശേഷം ജീവനക്കാരായ ഷറീന ബീവിയെയും അജന്തയെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
The patient collapsed and died at the hospital.