വള്ളിത്തോട്: ഒരുമ റെസ്ക്യൂ ടീം "അഴുക്കിൽ നിന്ന് അഴകിലേക്ക്" പദ്ധതിയുടെ ഭാഗമായി വള്ളിത്തോട്ടിൽ നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. പൊതു ഇടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ജനങ്ങൾ തള്ളുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും നീക്കി അവിടങ്ങളൊക്കെ മനോഹരമായ ഉദ്യാനങ്ങളും ഇരിപ്പിടങ്ങളുമാക്കി മാറ്റുന്ന ഒരുമ റെസ്‌ക്യൂ ടീമിൻ്റെ പദ്ധതിയുടെ ഭാഗമായാണ് കാത്തിരിപ്പ് കേന്ദ്രം പണിതത്.
പഞ്ചായത്തിൽ ബാംഗ്ലൂർ മൈസൂർ റൂട്ടിൽ തലശ്ശേരി വളവുപാറ അന്തർ സംസ്ഥാന പാതയോരത്തെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് ജനങ്ങൾക്കും വഴിയാത്രക്കാർക്കും പ്രയോജനകരമായ രീതിയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിതത്. വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ദിനേന നാനൂറോളം രോഗികൾ സന്ദർശിക്കുന്ന ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ തണൽമരങ്ങളോ വിശ്രമകേന്ദ്രങ്ങളോ ഇല്ല.
വഴിയോരങ്ങളിൽ കച്ചവടക്കാരും സമീപവാസികളും പുറം തള്ളുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരങ്ങൾ നീക്കി വൃത്തിയാക്കിയും അവിടം മുഴുവനും ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചും മനോഹരമായ ഉദ്യാനങ്ങളാക്കി മാറ്റി മാതൃകയായി മാറിയതിന് ഒരുമ റെസ്ക്യു ടീമിന് അടുത്ത കാലത്ത് സർക്കാരിൻ്റെ "ശുചിത്വ കേരള മിഷനും" കണ്ണൂർ ജില്ലാ പഞ്ചായത്ത്, ക്ലീൻ കേരള കമ്പനി എന്നിവർ സംയുക്തമായി അവാർഡ് നൽകി ആദരിച്ചിരുന്നു.
പായം പഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉത്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, വികസന കാര്യ ചെയർപേഴ്സൺ ജെസി. പി.എൻ, ഒരുമ റെസ്ക്യൂ ചെയർമാൻ സിദ്ധീഖ് കുഞ്ഞിക്കണ്ടി, മുസ്തഫ കീത്തടത്ത്, കെ.ടി.ഇബ്രാഹിം, സമീർ എ .ടി, അമർജിത്ത്, വിജേഷ് ,മിനി പ്രസാദ്, ടോമി മാഷ്, പ്രീത ഷിബു, ഫിലോമിന കക്കട്ടിൽ സംസാരിച്ചു. റെസ്കൂ ടീം അംഗങ്ങളായ ഷാഫി കുഞ്ഞിക്കണ്ടി, റാഫി സി.എച്ച്, സലാം പുളിയങ്കോടൻ, ഗഫൂർ കാക്കു, റിയാസ് എം.കെ എന്നിവർ പങ്കെടുത്തു..
Oruma Rescue Team dedicated the bus waiting center to the public.