കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞത്. പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്.
കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിന് മൊഴ് നല്‍കി. പത്മകുമാറിന്റെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് 5 ലക്ഷം രൂപ നല്‍കിയിരുന്നു. മകള്‍ക്ക് അഡ്മിഷൻ കിട്ടിയില്ല. മാത്രമല്ല പണവും തിരിച്ചുനല്‍കിയില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നാണ് ഇയാള്‍ പറയുന്നത്.
തട്ടികൊണ്ടുപോയ അബിഗേലിനെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാംഹൗസിലാണ് താമസിപ്പിച്ചതെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകുന്നത് വഴി റെജിയേയും കുടുംബത്തേയും സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Padmakumar