ഇരിക്കൂർ: പത്താം തരം പരീക്ഷക്കൊരുങ്ങുന്ന വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുട്ടികളുടെ ഫോട്ടോ പതിച്ച മൊമന്റോകൾ നൽകി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറച്ചാർത്ത് ഒരുക്കി യാത്ര അയക്കുന്ന സംതൃപ്തിയിലാണ് ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപിക. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ വി.സി. ശൈലജ അധ്യാപികയായി സേവനം ആരംഭിച്ച കാലം മുതൽ ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും വർഷാവസാനം സമ്മാനങ്ങൾ നൽകി വരുന്നു.
പ്രഥമാധ്യാപികയായ ശേഷം എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണാ പ്രവർത്തനം എന്ന നിലയിലാണ് തുടർച്ചയായി മൂന്നാം തവണയും എല്ലാ കുട്ടികൾക്കും തൻ്റെ സ്നേഹമുദ്രകൾ കൈമാറുന്നത്. ഈ വർഷം പരീക്ഷയെഴുതുന്ന 304 കുട്ടികൾക്കാണ് ഉപഹാരം നൽകി യാത്രയാക്കിയത്.
"ഉൽക്കർഷം" എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പിൽ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സി. റീന, പി.ടി.എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് കെ. പ്രീത, സീനിയർ അസിസ്റ്റന്റ് എ.സി. റുബീന, സ്റ്റാഫ് സെക്രട്ടറി കെ.പി. സുനിൽകുമാർ, ടി. വത്സലൻ , ടി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Govt.HSS irikkoor