ഇരിട്ടി: അന്തർ സംസ്ഥാന അതിർത്തിയ കണ്ണൂർ കൂട്ടുപുഴയിലെ കേരളത്തിന്‍റെ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സംവിധാനമില്ലാത്തു മറയാക്കി മായം കലർന്ന ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലേക്കു വ്യാപകമായി കടത്തുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രം കടത്തിവിടുക എന്ന നിബന്ധന നിലനില്‍ക്കെയാണ് കൂട്ടുപുഴയിലൂടെ മായം കലർന്ന വസ്തുക്കള്‍ കേരളത്തിലേക്കു വ്യാപമായി കടത്തി വരുന്നത്.
പഴം, പച്ചക്കറികള്‍, തേൻ, പച്ച മത്സ്യം എന്നിവ ഒരു പരിശോധനയും കൂടാതെയാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഭക്ഷ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നു പ്രത്യേക ലോറികളില്‍ കൊണ്ടു വരുന്ന രാസവസ്തുക്കള്‍ ചേർന്ന മത്സ്യമുള്‍പ്പെടെയാണ് പരിശോധനാ സംവിധാനമില്ലാത്തതിന്‍റെ മറവില്‍ കേരളത്തിലേക്ക് എത്തുന്നത്.
ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചോ, എവിടേക്കു കൊണ്ടുപോകുന്നതെന്നോ, എവിടെ വില്‍പ്പന നടത്തുന്നതെന്നോ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊന്നും അറിയില്ല. പരിശോധനാ സംവിധാനത്തിന്‍റെ അപര്യാപത്തയില്‍ ചെന്നൈയില്‍നിന്നെത്തിക്കുന്ന പഴകിയ മീനുകള്‍ സംസ്ഥാനത്തെ മാർക്കറ്റില്‍ എത്തുന്നുണ്ടെന്നാണു വിവരം.
കൂടുതല്‍ അപകടകാരികള്‍ മീനും തേനും
തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളില്‍ നിന്ന് അഴുകാതിരിക്കാൻ രാസവസ്തുക്കള്‍ ചേർത്ത മീനുകള്‍ വ്യാപകമായി അതിർത്തി കടന്നെത്തുന്നുണ്ടെന്നാണു വിവരം. കേരളീയർക്ക് ഏറെ പ്രിയപ്പെട്ട കേതല്‍ മത്സ്യമാണ് ഇത്തരത്തില്‍ കൂടുതലായും എത്തുന്നത്.
ചെന്നൈയില്‍ പൊതുവെ 50 മുതല്‍ 100 രൂപയ്ക്കു വരെ വില്‍പ്പന നടത്തുന്ന ഇത് കേരളത്തിലെത്തിച്ചാല്‍ കിലോഗ്രാമിന് 250 രൂപ വരെയാണ് വില. ഇതിലെ ലാഭം തിരിച്ചറിഞ്ഞ വ്യാപാരികളാണു രാസവസ്തുക്കള്‍ ചേർത്ത മീൻ കേരളത്തിലേക്കു കടത്തുന്നത്. ആരോഗ്യവിഭാഗം പരിശോധന ഇല്ലാത്തത് മറയാക്കി മീൻ ലോറികള്‍ കൂടുതലായും സംസ്ഥാനത്തേക്കെത്തുന്നത് കൂട്ടുപുഴ വഴിയാണ്.
കർണാടകയില്‍നിന്നെത്തുന്ന തേനിന്‍റെ കാര്യത്തിലും സമാനസ്ഥിതിയാണ്. ഗുണനിലവാര പരിശോധനയുടെ രേഖകള്‍ പോലുമില്ലാതെയാണ് ഇവയും എത്തുന്നത്. ഇവയെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പോലീസ്, എക്‌സൈസ് , ആർടിഒ ചെക്പോസ്റ്റുകള്‍ ഉണ്ടെങ്കിലും കൂട്ടുപുഴയില്‍ ആരോഗ്യ വിഭാഗം കൂടി അടിയന്തരമായി പരിശോധന ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Iritty