കൽപ്പറ്റ : കാപ്പി കർഷകർക്കുള്ള കോഫീ ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം. വയനാടിന് ആകെ അനുവദിച്ച 13.4 'കോടി രൂപയുടെ സബ്സിഡിക്കായി നേരെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് കോഫീ ബോർഡിൻ്റെ നീക്കം.
ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫീ ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവൽക്കരണവും നടത്തി. ഒപ്പം 'കാപ്പി വില വർദ്ധനവ് കൂടി ആയതോടെ കൂടുതൽ കർഷകർ കാപ്പികൃഷിയിലേക്ക് തിരിയാനാഗ്രഹിക്കുകയും പഴയ തോട്ടത്തിലെ പ്രായമായ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ വെച്ച് പിടിപ്പിക്കാനും നിലവിലുള്ള തോട്ടങ്ങൾക്ക് ജലസേചനത്തിനുമൊക്കെയായി കർഷകരെല്ലാം അപേക്ഷ നൽകി. ഇതോടെ 23 കോടി രൂപക്കുള്ള അപേക്ഷകളാണ് കോഫീ ബോർഡിൽ ലഭിച്ചത്.
ഇതോടെ ആരെയും നിരാശരാക്കാതെ ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 30 വരെ ആദ്യം അപേക്ഷ നൽകിയ ക്രമ പ്രകാരം ആദ്യ അപേക്ഷകർക്ക് ഈ വർഷവും ബാക്കി വരുന്ന അപേക്ഷകർക്ക് അടുത്ത സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലും സബ്സിഡി നൽകാനാണ് കോഫീ ബോർഡ് ഒരുങ്ങുന്നതെന്ന് കോഫീ ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം.കറുത്തമണി പറഞ്ഞു.
കർഷകരെ കൂടാതെ കർഷക താൽപ്പര്യസംഘങ്ങൾ, എഫ്.പി.ഒ.കൾ എന്നിവർക്കും ഇത്തവണ സബ്സിഡിക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നു. ഏതായാലും കോഫീ ബോർഡിൻ്റെ പുതിയ തീരുമാനം വയനാട്ടിലെ കാപ്പി കർഷകർക്ക് വലിയ ഗുണം ചെയ്യും.
Coffyboardwayanad