തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായികൈപറ്റുന്നവരിൽ കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ളതായി കണ്ടെത്തൽ. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തിൽ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിയെടുക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തയത്.
നേരത്തതെന്ന സര്‍ക്കാര്‍ അനര്‍ഹമായവര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് പരിശോധന നടത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക, പലിശയടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നിര്‍ദേശമുണ്ട്. വിവിധതലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി
Government employees receive welfare pensions undeservedly