കണ്ണൂർ: വളപട്ടണത്തെ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്യപ്പെട്ട വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ലാത്തവ. നാടിനെ നടുക്കിയ കവർച്ചക്കേസിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുയോഗമിക്കുകയാണ്. അഷറഫുമായി അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും അയൽവാസികളുടെയും ഫോൺകോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പോലീസ്. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത കവർച്ചയാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മോഷണ ക്വട്ടേഷൻ സംശയവും അന്വേഷണ സംഘത്തിനുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 300 പവന്റെ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് കവർന്നത്. അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. കവർച്ച നടന്ന വളപട്ടണം മന്നയിലെ വീട്ടിൽ ചൊവ്വാഴ്ചയും പോലീസ് പരിശോധന നടത്തി. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. അഷറഫുമായി അടുപ്പമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. കവർച്ച നടന്ന വീടിനോടുചേർന്നാണ് അഷറഫ് ട്രേഡേഴ്സ് എന്ന സ്ഥാപനവും ഗോഡൗണും പ്രവർത്തിക്കുന്നത്. ഗോഡൗണിനോട് ചേർന്ന് രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ അഞ്ച് മറുനാടൻ തൊഴിലാളികൾ സ്ഥിരതാമസക്കാരായുണ്ട്. അവരുടെയും ഗോഡൗണിലെ മറ്റു തൊഴിലാളികളുടെയും മൊഴിയെടുത്തു. പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.
കവർച്ച നടന്ന വീട്ടിലെ സി.സി.ടി.വി. ദൃശ്യം ചൊവ്വാഴ്ച വീണ്ടും പോലീസ് പരിശോധിച്ചു. കവർച്ചസംഘം എത്തിയത് മുഖം മറച്ചാണെന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ മതിൽ ചാടിക്കടക്കുന്നതായും ഒരാൾ റോഡിന് സമീപം നിൽക്കുന്നതായും ദൃശ്യത്തിലുണ്ട്. പോലീസ് നായ മണംപിടിച്ചോടിയ റൂട്ടിൽ സി.സി.ടി.വി. ഇല്ലാത്തത് അന്വേഷണത്തെ കുഴക്കുന്നുണ്ട്. 300 മീറ്ററോളം ദൂരത്തിൽ റെയിൽവേ ട്രാക്കിലൂടെ ഓടി വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ചെന്നാണ് പോലീസ് നായ നിന്നത്. റെയിൽവേ സ്റ്റേഷനിലും സി.സി.ടി.വി. ഇല്ലാത്തത് തിരിച്ചടിയായി.
അഷറഫിന്റെ വീടിന് ചുറ്റുമുള്ള മതിലിൽനിന്ന് അദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് കടക്കാൻ കവർച്ചക്കാർ തകർത്ത ജനലിനരികിൽനിന്ന് ഏതാനും വിരലടയാളങ്ങൾ ഫൊറൻസിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളിൽ കവർച്ചക്കാർ മറന്നുവെച്ചതെന്ന് കരുതുന്ന ഉളിയിൽനിന്നും ചില വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട്.
Kannur robbery