ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. ആലപ്പുഴ കളർക്കോട് ദേശീയ പാതയിൽ തിങ്കളാഴ്ച രാത്രി 9 :30 നാണ് അപകടം നടന്നത്. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമാണ്. കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം. ഏഴ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നു പ്രാഥമിക വിവരം.
ഗുരുവായൂരില്‍ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ടവേര കാർ ഇടിച്ചു കയറുകയായിരുന്നു. കായംകുളം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. യുവാക്കളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ബസിലെ യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Five killed as car collides with KSRTC bus