കണ്ണൂർ : 'കണ്ണൂരിന്റെ വികസന സാധ്യതകള്‍' എന്ന വിഷയത്തില്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോര്‍ത്ത് മലബാര്‍ ഓഫ് ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് 23ന് തിങ്കളാഴ്ച മുഖാമുഖം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന മുഖാമുഖത്തില്‍ ജില്ലയിലെ പ്രമുഖ വ്യാപാരി സംഘടനാ പ്രതിനിധികള്‍, വ്യവസായികള്‍ പങ്കെടുക്കും.
ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായാണ് ചേമ്പറുമായി സഹകരിച്ച് മുഖാമുഖം നടത്തുന്നത്. മേയര്‍ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മുഖാമുഖത്തില്‍ കിയാല്‍ എംഡി സി ദിനേഷ് കുമാര്‍, വ്യവസായ വകുപ്പ് കണ്ണൂര്‍ ജില്ലാ ജനറല്‍മാനേജര്‍ കെ എസ് അജിമോന്‍ മുഖ്യാതിഥികളാകും. വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ കൂടി ചടങ്ങിൽ നടക്കുമെന്ന് മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷർ, ചേമ്പര്‍ സെക്രട്ടറി സി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേമ്പര്‍ ഹാളില്‍ പ്രമുഖ വ്‌ളോഗര്‍മാര്‍ പങ്കെടുക്കുന്ന വ്‌ളോഗേഴ്‌സ് മീറ്റും നടക്കും. പ്രചരണ ക്യാമ്പയിന്റെ ഭാഗമായി 29നു വൈകിട്ട് അഞ്ചിന് പയ്യാമ്പലം ബീച്ചില്‍ മേയറുടെ നേതൃത്വത്തില്‍ സായാഹ്ന നടത്തവും ഉണ്ടാകും.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും.
Kannur