കണ്ണൂർ : കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 39ാമത് ദേശീയ സീനിയർ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ടീമുകൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മണിപ്പൂർ, ആസാം, ഗുജറാത്ത്, കർണാടക ടീമുകളാണ് തിങ്കളാഴ്ച രാവിലെ എത്തിയത്.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, ഡെപ്യൂട്ടി മേയർ പി ഇന്ദിര, കേരള ഫെൻസിങ്ങ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. വിനീഷ്, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ദേശീയ സീനിയർ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് നടക്കുക. ആദ്യമായാണ് ഇത്തരമൊരു ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്.
ഉത്തരാഖണ്ഡിൽ 2025 ജനുവരി അവസാനം നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട കേരള താരങ്ങളെ കണ്ടെത്താനുള്ള മത്സരം കൂടിയാണിത്. അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 800ഓളം കായികതാരങ്ങളും നൂറോളം ഒഫീഷ്യലുകളും മേളയിൽ പങ്കെടുക്കും.
Nationalfencingchambianshim