കൊച്ചി: ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ 'മൃദംഗവിഷൻ' സി.ഇ.ഒ ഷമീർ അബ്ദുൾ റഹീമിനെ അറസ്റ്റുചെയ്തു. മൃദംഗവിഷൻ സി.ഇ.ഒയും എം.ഡിയും നേരത്തേ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കായി സമീപിച്ചിരുന്നു.
അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിർമ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. സംഭവത്തിൽ 'മൃദംഗനാദം' പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഓസ്കാർ ഇവന്റ്സിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണകുമാറുമായി കലൂർ സ്റ്റേഡിയത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. പി.ഡബ്ല്യൂ.ഡിയെ കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസ്സിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുൻവശത്ത് ഒരാൾക്ക് നടന്നുപോകുവാൻ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ.
kochi