ഇരിട്ടി : ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന "സസ്നേഹം" ഇരിട്ടി മഹോൽസവത്തിന് തുടക്കമിട്ട് ടൗണിൽ വർണശബളമായ വിളംബരറാലി നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് ഇരിട്ടിയിൽ നടത്തിയ വർണ്ണാഭമായ വിളംബര റാലിയിൽ ബാന്റ്, ചെണ്ട വാദ്യമേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷത്തിൽ അണിനിരന്ന കുടുംബശ്രീ പ്രവർത്തകരുടെ നീണ്ട നിരയും വൈവിധ്യമായി.
നഗരസഭാ ജീവനക്കാർ, ഹരിതകർമ്മസേന, കൗൺസിലർമാർ, രാഷ്ട്രീയ, വ്യാപാരി, യുവജന - സന്നദ്ധ സംഘടനാ നേതാക്കൾ, വിവിധ മേഖലകളിലെ തൊഴിലാളികൾ, ആശ വർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ അണിനിരന്നു. ടൗൺ ചുറ്റി നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്‌മാൻ, മുനിസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ എ കെ രവീന്ദ്രൻ, കെ സുരേഷ്, കെ സോയ, പി കെ ബൾക്കീസ് എന്നിവർ പ്രസംഗിച്ചു .
Iritty