കൊച്ചി : വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങൾ അവസാനിപ്പിക്കും. വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചിരുന്ന ഈ ആപ്പ് ഇപ്പോൾ കാലഹരണപ്പെട്ട നിലയിലാണ് , ഇതാണ് പ്രവർത്തനം നിർത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ആപ്പ് ആയ ടീംസിന്റെ വരവ് സ്കൈപ്പിന് വെല്ലുവിളിയായെന്നും ഇത് ആപ്പിന് പൂട്ട് വീഴാൻ കാരണമായെന്നും റിപ്പോർട്ടുകളുണ്ട്. സ്കൈപ്പ് പ്രവർത്തനരഹിതമാകുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നാളെ വരെയാണ് കമ്പനി സമയം അനുവദിച്ചിരിക്കുന്നത്.
സ്‌കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ സേവനം നിലനിർത്താനായി ഇനി ടീംസ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. എല്ലാ ചാറ്റുകളും കോൺടാക്റ്റുകളും നിലനിർത്താൻ പഴയ അക്കൗണ്ട് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ടീംസിലേക്ക് സൈൻ ഇൻ ചെയ്യാമെന്നും കമ്പനി പറയുന്നു.
സ്കൈപ്പിന് തുടക്കം മുതൽ തന്നെ ഉപയോക്താക്കളിൽ വളരെയധികം സ്വാധീനം ഉണ്ടാകാൻ സാധിച്ചിരുന്നു. കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് സൗജന്യമായി വിളിക്കാൻ സാധിച്ചിരുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു സ്‌കൈപ്പ് .2003-ൽ സ്വീഡനിൽ നിന്നുള്ള നിക്ലാസ് സെൻസ്ട്രോം, ഡെന്മാർക്കുകാരനായ ജാനസ് ഫ്രിസ് എന്നിവർ ചേർന്നാണ് സ്‌കൈപ്പ് കൊണ്ടുവരുന്നത്. പിന്നീട് 2011 ൽ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് ഇത് ഏറ്റെടുക്കുകയായിരുന്നു.
മൈക്രോസോഫ്റ്റ് ടീംസിന് കൂടുതൽ പ്രചരണം ലഭിക്കുന്നതിനായാണ് സ്കൈപ്പിന്റെ സേവനം അവസാനിപ്പിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഏതായാലും സ്‌കൈപ്പ് ഉപയോക്താക്കൾക്ക് ഇനിയൊരു അതിവേഗ ചുവടുമാറ്റം ആവശ്യമാണ്.
Byebyeskype