മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി

മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ല് ; മുഖ്യമന്ത്രി
May 4, 2025 02:03 PM | By Remya Raveendran


മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് -ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടപൂർത്തീകരണം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. കേരളത്തിന് പൊതുവിലും കണ്ണൂരിന് പ്രത്യേകിച്ചും ടൂറിസം വികസനരംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച് പദ്ധതി. ഏഷ്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ചാണിത്. ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയ്ക്ക് നമ്മുടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള ബീച്ചാണിത്. ടൂറിസ്റ്റുകൾക്ക് ബീച്ചിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വലിയൊരു ഹരമായി മാറുന്നു. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ സംസ്ഥാനം ടൂറിസം രംഗത്ത് വലിയൊരു കുതിപ്പിലാണ് നിൽക്കുന്നത്. ആഭ്യന്തര സഞ്ചാരികൾ, വിദേശ സഞ്ചാരികൾ ഇവരെയെല്ലാം കൂടുതലായി ആകർഷിക്കാൻ ഈ ബീച്ചിന് കഴിയും എന്നതാണ് പ്രത്യേകത. ഇതോടൊപ്പം ധർമ്മടം ബീച്ചും ധർമ്മടം ദ്വീപും ഉണ്ട്. ഇതിന്റെ എല്ലാം വികസനം ശരിയായ രീതിയിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

233 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് ഈ വികസനത്തിന് ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്തിന്റെ വികസനവും വരും. യഥാർത്ഥത്തിൽ കേരളത്തിന്റെ ആകെ ടൂറിസം വികസനത്തിന് ഈ പദ്ധതി ഉപകരിക്കും. നാല് ക്യാരക്ടർ ഏരിയകളായി തിരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം, തെക്കുവശം, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിവയാണ് ക്യാരക്ടർ ഏരിയകൾ. ഇതിന്റെ ആദ്യ ക്യാരക്ടർ പദ്ധതിയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. 62 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയത്. മറ്റ് ഏരിയകളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശത്ത് വാക്ക് വേ, റിഫ്രഷ്മെന്റ് സെന്ററുകൾ, വാഹന പാർക്കിംഗ് സൗകര്യം ഇവയെല്ലാം ഏർപ്പെടുത്തുകയാണ്. മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കുവശത്ത് സീറ്റിങ് ഏരിയ, ടോയ്ലറ്റ്, കിയോസ്‌ക് പാർക്കിംഗ് ഇവയൊരുക്കും. ധർമ്മടം ബീച്ചിൽ ഫ്ളോട്ടിങ് ഡക്ക്, മ്യൂസിക് ഫൗണ്ടെയിൻ, ജോഗിങ് ആൻഡ് സൈക്ലിങ് ട്രാക്ക് ഇവയെല്ലാം നിർമ്മിക്കും. ദേശാടനപ്പക്ഷികൾ വന്നുചേരുന്ന ധർമ്മടം ഐലൻഡിൽ ഒരു നേച്ചർ ഹബ്ബ് ഒരുക്കാനാണ് ശ്രമിക്കുന്നത്. അണ്ടർ വാട്ടർ സ്‌കൾപ്ചർ ഗാർഡൻ, എലവേറ്റട് നേച്ചർ വാക്ക്, ഇവയെല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കും. ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകൾ കൂടി പരിശോധിച്ചുള്ള പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിലെ വികസനത്തിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാരിസ്ഥിതിക ഘടകങ്ങളെ കൂടി സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുകയാണ്. വിനോദസഞ്ചാര മേഖലയെ കൂടുതൽ ആകർഷണീയവും പരിസ്ഥിതി സൗഹൃദവും ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. മറ്റെല്ലാ മേഖലകളിലും എന്നപോലെ വിനോദസഞ്ചാര മേഖലയിലും സുസ്ഥിര ഇടപെടലുകൾ നടത്തണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് ടൂറിസം മേഖല നൽകുന്നത്. വടക്കൻ കേരളത്തിൽ വിശേഷിച്ച് മലബാറിൽ നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയെല്ലാം ഇപ്പോഴും സഞ്ചാരികളുടെ പൂർണ്ണ ശ്രദ്ധയിൽ എത്തിയെന്ന് പറയാൻ ആവില്ല. അവയെല്ലാം സഞ്ചാരികളുടെ ശ്രദ്ധയിലേക്കും ലോക ശ്രദ്ധയിലേക്കും എത്തിക്കുന്നതിനുള്ള നടപടികളാണ് നാം സ്വീകരിച്ചു വരുന്നത്.

മലബാറിലേക്ക് ടൂറിസം നിക്ഷേപം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രത്യേക ബി ടു ബി മീറ്റ് സംഘടിപ്പിച്ചത്. ഇതിലൂടെ ടൂറിസം മേഖലയ്ക്ക് നല്ല നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് നേരത്തെ നടപ്പാക്കിവരുന്ന തലശ്ശേരി പൈതൃക സർക്യൂട്ട്, മലബാർ റിവർ ക്രൂയിസ് പദ്ധതികൾ. ബേക്കൽ, മുഴപ്പിലങ്ങാട്, ധർമ്മടം തുടങ്ങിയ ബീച്ചുകൾ വികസിപ്പിക്കുകയും അവിടങ്ങളിൽ സ്റ്റാർ ഹോട്ടൽ സൗകര്യങ്ങൾ അടക്കം ഒരുക്കുകയുമാണ്. ഇതെല്ലാം കേരളത്തിന്റെയും വിശേഷിച്ച് മലബാറിന്റെയും ടൂറിസം മുന്നേറ്റത്തിൽ വലിയ സംഭാവന നൽകുന്നവയായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞവർഷം രണ്ടേകാൽ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിൽ എത്തി എന്നാണ് കണക്ക്. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേർന്നു. ഇതെല്ലാം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് സഞ്ചാരികൾക്കിടയിൽ ഉണ്ടാകുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്. അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളായി വരുന്നവർക്ക് ഒരുതരത്തിലുമുള്ള പ്രയാസവും അനുഭവപ്പെടാൻ ഇട വരരുത്. തെറ്റായ നോട്ടമോ പ്രവൃത്തിയോ ഒന്നും ഉണ്ടാകാതിരിക്കുക. അവർ നാടിന്റെ അതിഥികളാണ്. ഏറ്റവും വലിയ ആദ്യത്തെ മര്യാദയാണ് നാം എപ്പോഴും പാലിക്കേണ്ടത്. ആ രീതി തുടരാനും അതിഥികളായി എത്തുന്നവർക്ക് ആകെ നല്ല മനഃസംതൃപ്തിയോടെ ഇവിടെനിന്ന് തിരിച്ചുപോകാനും വീണ്ടും ഇവിടേക്ക് എത്തണമെന്ന് ആഗ്രഹിക്കാനും കഴിയുന്ന അനുഭവമുണ്ടാകണം.

കേരളത്തിലേക്ക്.കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. കാരവാൻ ടൂറിസം, ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, സീ പ്ലെയിൻ, ബയോഡൈവേഴ്സിറ്റി ആൻഡ് ലിറ്റററി സർക്യൂട്ട്, അഡ്വഞ്ചർ ടൂറിസം പദ്ധതികൾ ഇവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിന്റെ പുറമെയാണ് ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികൾ. മുഴപ്പിലങ്ങാട് മാത്രമല്ല കോവളം, വർക്കല, ഫോർട്ടുകൊച്ചി, ബേപ്പൂർ, ചാലിയം, ബേക്കൽ എന്നിവിടങ്ങളിൽ എല്ലാം പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. അഴീക്കോട് ചാൽ ബീച്ചിനും കോഴിക്കോട് കാപ്പാട് ബീച്ചിനും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ഊന്നി നിന്ന് വികസിപ്പിച്ചിട്ടുള്ള ബീച്ചുകൾക്കാണ് ഈ പദവി ലഭിക്കുന്നത്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആരംഭിക്കുകയുണ്ടായി. ബീച്ച് സ്പോർട്സിനും ബീച്ച് അഡ്വഞ്ചർ ടൂറിസത്തിനും പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുള്ള പദ്ധതികളും നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ടൂറിസം മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കാനും നമുക്ക് കഴിഞ്ഞു. ഇതെല്ലാം ശരിയായ ദിശയിലേക്കുള്ള നീക്കങ്ങളായാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയിൽ ലഭിച്ചിട്ടുള്ള നിരവധി പുരസ്‌കാരങ്ങൾ അതിന്റെ തെളിവാണ്.

ന്യൂയോർക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ ഒന്നായി കേരളത്തെയാണ് തെരഞ്ഞെടുത്തത്. വേൾഡ് ട്രാവൽ മാർട്ടിന്റെ റസ്പോൺസിബിൾ ടൂറിസം അവാർഡ് കേരളത്തിലാണ് ലഭിച്ചത്. ഐസിആർടി ഇന്റർനാഷണലിന്റെ ഗോൾഡ് പുരസ്‌കാരവും കോവിഡിന് ശേഷം മടങ്ങിവരവ് നടത്തിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുള്ള അവാർഡും കേരളത്തിലെ ലഭിച്ചു. ഇതിനെല്ലാം അഭിമാനാർഹമായ കേരളത്തിന്റെ നേട്ടങ്ങളാണ്-മുഖ്യമന്ത്രി പറഞ്ഞു.

ഡോ. വി. ശിവദാസൻ എം. പി മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ, മുൻ എംപി. കെ. കെ. രാഗേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. പി. അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. വി. ബിജു, കോങ്കി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജേഷ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ. ടി. ഫർസാന ടീച്ചർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വി. റോജ, ഗ്രാമപഞ്ചായത്ത് അംഗം ഫർസീന, എം. കെ. മുരളി, എൻ. ചന്ദ്രദാസ്, ഡി. കെ. മനോജ്, ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

കെഐഐഡിസി സി ഇ ഒ എസ്. തിലകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ടൂറിസം മേഖല ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Muzhappilangadbeach

Next TV

Related Stories
പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

May 4, 2025 04:48 PM

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ...

Read More >>
ലഹരിവിരുദ്ധ ഇരുചക്ര വാഹന  റാലി നടത്തി

May 4, 2025 03:44 PM

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി നടത്തി

ലഹരിവിരുദ്ധ ഇരുചക്ര വാഹന റാലി...

Read More >>
ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

May 4, 2025 03:35 PM

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍ തിയേറ്ററുകളിലേക്ക്

ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി ഉടന്‍...

Read More >>
തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

May 4, 2025 03:26 PM

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ...

Read More >>
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

May 4, 2025 02:29 PM

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ ഫലമില്ല

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ്, അനൗദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുത്, 6ന് സിബിഎസ്ഇ...

Read More >>
വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

May 4, 2025 02:15 PM

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ് ഷോ

വേടന് വീണ്ടും സർക്കാർ പരിപാടിയിൽ വേദി; ഇടുക്കിയിലെ എൻ്റെ കേരളം പരിപാടിയിൽ റാപ്പ്...

Read More >>
Top Stories










News Roundup