ഇരിട്ടി: ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നീ കലകളുടെ ശിക്ഷണത്തില്‍ വേറിട്ട ശൈലി സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ 27 വര്‍ഷമായി ഇരിട്ടിയിലും മട്ടന്നൂരും പ്രവര്‍ത്തിച്ച് വരുന്ന ചിദംബരം കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഗീത - നൃത്ത മഹോത്സവം 25 ന് വൈകുന്നേരം 5.30 ന് ഇരിട്ടി മുന്‍സിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക സദസ്സ് ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും. ഇരിട്ടി സംഗീതസഭ പ്രസിഡന്റ് ഡോ.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ മുഖ്യാതിഥിയാകും.
നൃത്ത അധ്യാപകനായ സി.കെ. പത്മനാഭന്‍ (കാക്കയങ്ങാട്), വയലിനിസ്റ്റ് പീറ്റര്‍ ആശാന്‍ (കരിക്കോട്ടക്കരി) എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടർന്ന് സംഗീതജ്ഞനായ യോഗേഷ് ശര്‍മ്മ, ഗസല്‍ ഗായകന്‍ കബീര്‍ ചാവക്കാട് എന്നിവര്‍ നയിക്കുന്ന കര്‍ണ്ണാടിക് ഹിന്ദുസ്ഥാനി ഗാനസമന്വയം നടക്കും. മൃദംഗവാദകൻ ആഡൂര്‍ ബാബു, തബല വിദഗ്ദന്‍ പ്രദീപ് കുമാര്‍ തലശ്ശേരി എന്നിവര്‍ പക്കമേളം ഒരുക്കും. വയലിനില്‍ മാഞ്ഞൂര്‍ രഞ്ജിത്തും ഹാര്‍മോണിയത്തില്‍ വളാഞ്ചേരി ഹംസയും സംഗീത സൗകുമാര്യതയ്ക്ക് മാറ്റ് കൂട്ടും. നൃത്ത അധ്യാപിക സി.കെ. ബിന്ദുവിന്റെ ശിക്ഷണത്തിലുള്ള കുട്ടികളുടെ നൃത്ത പരിപാടിയും ഉണ്ടായിരിക്കുമെന്ന് ചിദംബരം കലാക്ഷേത്രം ഡയറക്ടര്‍ കെ.എം.കൃഷ്ണന്‍, മനോജ് അമ്മ, സൂര്യ ബാലന്‍, കണ്ണൂര്‍ നാസര്‍, പ്രനിജ ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
Chidambaram Kalakshetra Music and Dance Festival today