തലശേരി: മലബാർ ക്യാൻസർ സെന്ററിൽ കിഫ്‌ബി ധനസഹായത്തോടെ നിർമിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ കല്ലിടലും പ്ലാൻ ഫണ്ടിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്‌ഘാടനവും 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ മൂന്നിന് ചേരുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്‌പീക്കർ എ.എൻ. ഷംസീർ, മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.
എം.സി.സി.യെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്‌ബി ഫണ്ടിൽനിന്ന് 406 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. 14 നിലയുള്ള കെട്ടിടത്തിൽ 450 ബെഡ്ഡും 14 ഓപ്പറേഷൻ തിയറ്ററും ആധുനിക സൗകര്യങ്ങളോടെ വിവിധ ഡിപ്പാർട്ടുമെന്റുകളും സജ്ജമാക്കും. പ്ലാൻ ഫണ്ടിൽ പൂർത്തീകരിച്ച 20.76 കോടിയുടെ പദ്ധതികളാണ് ഇതോടൊപ്പം ഉദ്‌ഘാടനം ചെയ്യുന്നത്.
ജലശുദ്ധീകരണ പ്ലാന്റ് (ഒരു കോടി), മൂന്ന് ടെസ്‌ല എം.ആർ.ഐ സ്‌കാനർ (18.5 കോടി), ഡെക്‌സ സ്‌കാൻ (53.5 ലക്ഷം), ഗാലിയം ജനറേറ്റർ (65 ലക്ഷം), ബയോഫീഡ് ബാക്ക് ഡിവൈസ് (7.6 ലക്ഷം) എന്നീ പദ്ധതികളാണ് പൂർത്തിയാക്കിയത്. എം.സി.സി.യെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാക്കി വികസിപ്പിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ.
Malabar Cancer Center