തിരുവനന്തപുരം: തൃശൂർ പൂരത്തിന്‍റെ നടത്തിപ്പില്‍ പോലീസിന് വീഴ്ചയുണ്ടായി എന്ന പരാതി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നല്‍കി. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന് ആഭ്യന്തര വകുപ്പ് നിർദേശം നല്‍കി.
പോലീസിന്‍റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന വിമർശനം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്‍റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. തിരുവമ്ബാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് പോലീസ് അടച്ചതും വലിയ വിവാദമായിരുന്നു.
പോലീസിന്‍റെ ഇടപെടലിനെ തുടർന്ന് രാത്രി തന്നെ പൂരം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രി കെ.രാജൻ അടക്കമുള്ളവർ ചർച്ച നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.
പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് ചർച്ചകള്‍ക്കൊടുവില്‍ നാലു മണിക്കൂർ വൈകിയാണ് നടത്തിയത്. പൂരം പ്രതിസന്ധിയിലാകാൻ കാരണം സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്‍റെ ഇടപെടലാണെന്ന് ആരോപണം ഉയർന്നിരുന്നു.
Police