---
title: "അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം;  കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216822/iritty"
published_at: "2024-07-02T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684040ab8946_Screenshot_20240702-185555_WhatsAppBusiness.jpg"
keywords: []
---

# അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം;  കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ അങ്കണവാടി വർക്കർ(ടീച്ചർ) നിയമനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസുമായുള്ള ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

## Article Content

 **ഇരിട്ടി**: ഇരിട്ടി നഗരസഭയുടെ അങ്കണവാടി വർക്കർ(ടീച്ചർ) നിയമനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം. പോലീസുമായുള്ള ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

സി.പി.എം കൗൺസിലർമാരുടെ സ്വന്തക്കാരും ബന്ധുക്കളും ആദ്യ റാങ്കുകളിൽ സ്ഥാനം പിടിച്ച റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായി രണ്ടാം ദിനമാണ് നഗരസഭാ ഓഫീസ്  പരിസരം സംഘർഷ ഭൂമിയായി  മാറുന്നത്. തിങ്കളാഴ്ച്ച മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ചിലും പോലീസുമായി നേരിയ സംഘർഷം ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ 11മണിയോടെയാണ് കോൺഗ്രസ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങിയത്.

ഇരിട്ടി സി ഐ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നഗരസഭാ ഓഫിസിന് മുന്നിലെ ഗെയിറ്റ് പൂട്ടി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. മാർച്ചിലെ മുൻനിരയിലെ വനിതകൾ പിൻമാറിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു. ഇത് പോലീസുകാർ  ഷീൽഡുകൾ ഉപയോഗിച്ച് തടഞ്ഞതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി.

കൊടികെട്ടിയ കമ്പുകൾ ഉപയോഗിച്ച് പ്രവർത്തകർ പോലീസിന് നേരെ തിരിഞ്ഞതോടെ സംഘർഷഭരിതമായി. ഇതിനിടയിലാണ് നാല് പ്രവർത്തകർക്ക് പരിക്കേറ്റത്. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി സെക്രട്ടറി പി.കെ ജനാർദ്ദനൻ എന്നിവർ പോലീസിനും പ്രവർത്തകർക്കുമിടയിൽ നിലയുറപ്പിച്ച് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. ഇതിനിടയിൽ സി ഐയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം നേതാക്കളെ പ്രകോപിപ്പിച്ചു. ഇത് സി ഐയുമായി അല്പ്പനേരം വാക്കേറ്റത്തിനും ഇടയാക്കി.

യൂത്ത് കോൺഗ്രസ് നേതാക്കളായ നിധിൻ നടുവനാട്(30), സി.കെ അർജുൻ(27),  റിസ്ഉളിയിൽ(24), ഷാനിദ് പുന്നാട്(39)   എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷത വഹിച്ചു.  കെ പി സിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി.സെക്രട്ടറി പി.കെ ജനാർദ്ദനൻ, മറ്റ് നേതാക്കളായ കെ. സുമേഷ്, കെ.വി. രാമചന്ദ്രൻ, പി.വി. മോഹനൻ, മൂസ്ലിംലീഗ് നേതാവ് സമീർപുന്നാട് ,സി.കെ.  ശശിധരൻ, എം.ആർ. ഗിരിജ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.വി. മോഹനൻ, പി.എം. ശ്രീധരൻ, കെ. ബിന്ദു, ജാനകി ചാവശേരി, കുട്ട്യപ്പ മാസ്റ്റർ, എൻ.കെ. ഇന്ദുമതി, കെ. പ്രകാശൻ, വയനാൻ ശശി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216822/iritty)