തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് സൗകര്യങ്ങള്‍ പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി - പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിന് റെയില്‍വേ ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിക്കാറുണ്ട്. താല്‍ക്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂരത്തിന്റെ തിരക്ക് നേരിടാന്‍ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കും.
സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികര്‍ 'യുടിഎസ് ഓണ്‍ മൊബൈല്‍' ആപ്പ് സൗകര്യം ടിക്കറ്റെടുക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
trissur puram