
തലശ്ശേരി: മോഷ്ടിച്ച ബൈക്കുമായി വാഹനമോഷണ സംഘത്തിലെ രണ്ടുപേർ തലശ്ശേരിയിൽ അറസ്റ്റിലായി. തിരുവനന്തപുരം ശംഖുംമുഖം ആർ.സി.സി കോളജിനടുത്ത പുതുവ പുത്തൻപുരയിൽ സോണി മോസസ് (36), ആലപ്പുഴ തലവടി ചക്കുളത്തുകാവിനു സമീപം പാടത്ത് മുതുവൻ വീട്ടിൽ സുമേഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ഇരുചക്ര വാഹനത്തിൽ കറങ്ങുന്നതിനിടെ ദേശീയപാതയിൽ കൊടുവള്ളി സഹകരണ ആശുപത്രിക്കടുത്ത് തലശ്ശേരി എസ്.െഎ അഷ്റഫിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ സംശയകരമായി കാണപ്പെട്ട പ്രതികളെ ബൈക്ക് തടഞ്ഞ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് വാഹനം മോഷ്ടിച്ചതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
പാദരക്ഷ മൊത്തക്കച്ചവടക്കാർ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലോഗൻസ് റോഡിലെ സൗഭാഗ്യ റസിഡൻസിക്ക് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പൊലീസിൽ പരാതിയുണ്ടായിരുന്നു. ഈ ബൈക്കാണ് പ്രതികളിൽനിന്ന് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ വാഹന മോഷണക്കേസുകളുള്ളതായി തലശ്ശേരി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.