വിമാനത്താവളം വഴി 70 കോടിയുടെ സ്വര്‍ണക്കടത്ത്; മുഖ്യപ്രതിയായ മലയാളി പിടിയില്‍

By | Friday February 14th, 2020

SHARE NEWS

 

കോഴിക്കോട്: 70 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യ സൂത്രധാരന്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദീന്‍ തടത്തില്‍ (45) അറസ്റ്റില്‍. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണു പിടികൂടിയത്. 2018 ജൂണിനും ഒക്ടോബറിനുമിടെ 200 കിലോഗ്രാം സ്വര്‍ണം പലര്‍ വഴിയായി ബെംഗളൂരു വിമാനത്താവളത്തിലൂടെ കടത്തുകയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണു ഷിഹാബുദീന്‍ എന്ന് അധികൃതര്‍ അറിയിച്ചു. 2018ല്‍ 10 യാത്രക്കാരില്‍ നിന്നു 10 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇയാളുടെ പങ്ക് വെളിച്ചത്തായത്. അന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദുബായിലേക്കു കടക്കുകയായിരുന്നു. കോഴിക്കോട്ട് മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന ഷിഹാബുദീന്‍ 20 വര്‍ഷം മുന്‍പ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായാണു ദുബായിലെത്തിയത്. തുടര്‍ന്ന് സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം സ്ഥാപിച്ചു. ബെംഗളൂരു, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ ഇയാളുടെ പേരില്‍ ഒട്ടേറെ കടകളും ഫ്ലാറ്റുകളുമുണ്ട്.

ഒട്ടേറെ യാത്രക്കാര്‍ വഴി സ്വര്‍ണം കടത്തിയ ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിയാതെ കഴിഞ്ഞ വെള്ളിയാഴ്ച ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ ഇറങ്ങിയപ്പോഴാണു പിടിയിലായത്. ദുബായില്‍നിന്നാണ് ഇയാള്‍ സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നത്. ഇതിനായി വലിയ ശൃംഖല തന്നെയുണ്ടാക്കിയിരുന്നു. ശിഹാബുദ്ദീനെ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ബെംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച്‌ പലയിടങ്ങളിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ശിഹാബുദ്ദീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. കൂടുതല്‍ ചോദ്യംചെയ്യുന്നതിന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read