
കണ്ണൂർ: വിദേശമെഡിക്കൽ കോളേജുകളിൽ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് സർക്കാർ നിശ്ചയിച്ച 1.2 ലക്ഷം വാർഷിക ഫീസ് പ്രതിമാസഗഡുക്കളായി അടയ്ക്കാമെന്ന് സർക്കാർ.
അതേസമയം ഒന്നിച്ചടച്ചവർക്ക് പണം തിരിച്ചുനൽകുന്നില്ലെന്ന് രക്ഷിതാക്കൾ. പരിശീലന സേവനം സൗജന്യമാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി കേസും നൽകിയിട്ടുണ്ട്. സ്വാശ്രയ കോളേജുകളിൽനിന്ന് മെഡിക്കൽ ബിരുദം നേടിയവരിൽനിന്നും 60000 രൂപ പ്രതിവർഷം ഫീസ് ഈടാക്കുന്നുണ്ട്.
റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മെഡിക്കൽ പഠനം കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഒരുവർഷം ജോലി പരിചയിക്കുന്നതിനാണ് 1.20 ലക്ഷം ഫീസായി ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബർ മുതലാണ് ഫീസ് ഈടാക്കാൻ നിർദേശം. ഫീസ് ഗഡുക്കളായി അടച്ചാൽ പോരെന്നും ആദ്യമാസംതന്നെ ഒറ്റത്തവണയായി 1.12 ലക്ഷം അടയ്ക്കണമെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം.
അതേസമയം ലക്ഷങ്ങൾ ചെലവാക്കി പഠിച്ചു നാട്ടിൽത്തന്നെ സേവനം എടുക്കാൻ വരുന്ന തങ്ങളോട് ഇത്ര ഭാരിച്ച ഫീസ് വാങ്ങരുതെന്നും അല്ലെങ്കിൽ പ്രതിമാസം അടയ്ക്കാനുളള സൗകര്യമെങ്കിലും തരണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇത് രണ്ടും അംഗീകരിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ അഡ്വ. ജയശങ്കർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഫീസ് ഗഡുക്കളായി സ്വീകരിച്ചാൽ മതിയെന്ന നിർദേശം സർക്കാർ കോടതിയെ അറിയിച്ചത്.
2020 ഡിസംബർ വരെ വിദേശത്തുനിന്നോ കേരളത്തിന്റെ പുറത്തുള്ള സ്വാശ്രയ മെഡിക്കൽ കോളേജേിൽനിന്നോ കോഴ്സ് കഴിഞ്ഞു വരുന്നവരിൽനിന്നോ ഇത്തരം ഫീസ് ഈടാക്കിയിട്ടില്ല. അതേസമയം സ്വാശ്രയ കോളേജുകളിൽനിന്ന് കോഴ്സ് കഴിഞ്ഞവർക്ക് ഒരുവർഷം 60,000 രൂപയാണ് അടയ്ക്കേണ്ടത്. പ്രതിമാസം 5000 രൂപ വീതം.
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളേജുകളിൽനിന്ന് കോഴ്സ് കഴിഞ്ഞവർക്ക് ഹൗസ്സർജൻസി കഴിയുമ്പോൾ പ്രതിമാസവേതനം കൊടുക്കുന്നുമുണ്ട്. സർക്കാരിന് ഒരു ചെലവുമില്ലാതെയാണ് വിദേശത്തുനിന്നും വിദ്യാർഥികൾ ബിരുദമെടുത്തുവരുന്നത്.
കോഴ്സ് കഴിഞ്ഞുവന്നാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിർദേശപ്രകാരമുള്ള തുല്യതാപരീക്ഷ പാസാവണം. ആ പരീക്ഷ ജയിച്ചാലേ രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ പറ്റൂ. അതിനുശേഷമാണ് ഒരുവർഷത്തെ ഇന്റേൺഷിപ്പ്. അതിനാണ് വാർഷിക ഫീസ് ആവശ്യപ്പെടുന്നത്.